
തേർഡ് ഐ ബ്യൂറോ
കോട്ടയം: മൂന്നു വർഷം മുൻപ് കേരളത്തെ ഇളക്കിമറിച്ച കെവിൻ കൊലക്കേസിനു സമാനമായി, അതേ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും, അതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഗുണ്ടാ , കഞ്ചാവ് മാഫിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി. അന്ന് അലംഭാവം കാട്ടിയ പൊലീസ് സംഘം ഇന്ന് ഉണർന്നു പ്രവർത്തിച്ചതോടെ മണിക്കൂറുകൾക്കകം പ്രതികൾ വലയിലായി. കഞ്ചാവ് നൽകാൻ പണം വാങ്ങിയ ശേഷം അക്രമി സംഘത്തെ കരിയിലയും ചപ്പും ചവറും നൽകി പറ്റിച്ചതിന്റെ വൈരാഗ്യത്തിനാണ് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയത്.
വെള്ളൂർ ഇറുമ്പയം ഇഞ്ചിക്കാലായിൽ ജോബിൻ ജോസിനെ (24)യാണു ബുധനാഴ്ച രാത്രി ഒമ്പതരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഗുണ്ടാ മാഫിയ സംഘം തട്ടിക്കൊണ്ടു പോയത്. രാത്രി ഒൻപത് മുതൽ പുലർച്ചെ മൂന്നു വരെ നീണ്ടു നിന്ന മാരത്തോൺ അന്വേഷണത്തിനൊടുവിൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ കൃത്യമായ ഇടപെടലിനെ തുടർന്ന് ഗുണ്ടാ സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പൊലീസ് പൊക്കി അകത്താക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട കോയിപ്രം ദ്വാരകയിൽ ലിബിൻ (28), കോയിപ്രം മോളിക്കൽ ചരിവുകാലായിൽ രതീഷ് (26) എന്നിവരെയാണ് ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് വി.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ കോളേജ് മുതൽ തിരുവല്ല വരെ വാഹനത്തെ പിൻതുടർന്നു പ്രതികളെ പിടികൂടിയത്. ഗുണ്ടാ സംഘത്തിലെ രണ്ടു പേരെ കൂടി ഇനി പിടികൂടാനുണ്ടെന്നു പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു വർഷത്തിലേറെയായി വെള്ളൂരിലെ വീട്ടിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ലോഡ്ജിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ ഇടപാടുകൾ എല്ലാം ദുരൂഹമാണ് എന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതികൾ അടങ്ങുന്ന കഞ്ചാവ് മാഫിയ സംഘത്തിനു ജോബിൻ കഞ്ചാവ് വിറ്റത്. കഞ്ചാവ് വിൽക്കുന്നതിനായി പ്രതികൾ അടങ്ങിയ സംഘത്തിൽ നിന്നും ജോബിൻ 25000 രൂപ വാങ്ങിയിരുന്നു. ഇതിനു ശേഷം കഞ്ചാവിനു പകരമായി നൽകിയത് ചപ്പും ചവറും അടങ്ങിയ പൊതിയായിരുന്നു.
ഇതിനു പ്രതികാരം ചെയ്യുന്നതിനായാണ് ഗുണ്ടാ മാഫിയ സംഘം കഴിഞ്ഞ ദിവസം നഗരത്തിൽ എത്തിയത്. തുടർന്നു, ജോബിനെ കണ്ടെത്തിയ സംഘം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബലം പ്രയോഗിച്ച് ജോബിനെ കാറിനുള്ളിലേയ്ക്കു വലിച്ചു കയറ്റുന്നതും ആക്രമിക്കുന്നതും കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉടൻ തന്നെ കോട്ടയം ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.
തുടർന്നു, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സുരേഷ് വി. നായർ , എസ്.ഐ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സംഭവസ്ഥലത്തെത്തി. ഇവിടെ നിന്നു ഒരു ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടുകയും, ഫോണിലേക്കു വന്ന കോൾ പിന്തുടർന്നു പുലർച്ചെ മൂന്നരയോടെ പ്രതികളെ തിരുവല്ലയിൽ നിന്നു പിടികൂടുകയുമായിരുന്നു.
എ.എസ്.ഐ മനോജ്, ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ , രാഗേഷ്,അജിത്ത് കുമാർ, ഷൈജു കുരുവിള, അനീഷ്, വിജയലാൽ ,രാധാകൃഷ്ണൻ, ശശികുമാർ ,സോണി, കോട്ടയം സൈബർ പോലീസ് സ്റ്റേഷനിലെ ജോർജ് ജേക്കബ്, ജോബിൻസ് ജെയിംസ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.