കോട്ടയം അറുപറയിൽ നാല് വർഷം മുമ്പ് കാണാതായ ദമ്പതികൾക്കായി മുട്ടത്തെ കുളത്തിൽ തെരച്ചിൽ; കുളം വറ്റിക്കൽ ഇന്നും തുടരും

Spread the love

സ്വന്തം ലേഖിക

കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ നാലുവര്‍ഷം മുമ്പ് കാണാതായ ദമ്പതികള്‍ക്കായി മുട്ടത്തെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരച്ചില്‍ ആരംഭിച്ചു.

അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവര്‍ക്കായാണ്‌ അന്വേഷണം.
ജില്ലയിലെ ജലാശയങ്ങളെല്ലാം നേരത്തെ പരിശോധന നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി മഹാദേവന്‍ കൊലക്കേസില്‍ മഹാദേവന്റെയും പ്രതികളിലൊരാളുടെയും മൃതദേഹം കണ്ടെടുത്ത കോട്ടയം നഗരസഭയിലെ 42-ാം വാര്‍ഡിലുള്ള മറിയപ്പള്ളി മുട്ടത്തെ കുളത്തിലാണ്‌ തെരച്ചില്‍.

2017 ഏപ്രില്‍ ആറിന്‌ ഹര്‍ത്താല്‍ ദിവസം രാത്രി വീടിനോടു ചേര്‍ന്നുള്ള കട പൂട്ടി എത്തിയ ഹാഷിം ഭാര്യക്കൊപ്പം ഭക്ഷണം വാങ്ങാനെന്നു പറഞ്ഞ്‌ നഗരത്തിലേക്കു പോയതായിരുന്നു. രജിസ്‌ട്രേഷന്‍ കഴിഞ്ഞിട്ടില്ലാത്ത വാഗണർ കാറിലായിരുന്നു യാത്ര.

മൊബൈലും പഴ്‌സും അടക്കമുള്ള സാധനങ്ങള്‍ വീട്ടില്‍വച്ചാണ്‌ പോയത്‌. ലോക്കല്‍ പൊലീസ്‌ അന്വേഷിച്ചിട്ടും തുമ്പില്ലാതായതോടെ അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു.

ആറ്റില്‍ വീണതാണെന്ന നിഗമനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇടറോഡില്‍ നിന്നു കാറുമായി ഇറങ്ങാവുന്ന വിധത്തിലാണു മുട്ടത്തെ പാറക്കുളവും. ആഴമുള്ള കുളത്തിനു മുകളില്‍ വളര്‍ന്ന കാട്‌ ജെ.സി.ബി. ഉപയോഗിച്ച്‌ നീക്കുകയാണ്‌ ആദ്യം ദിവസം ചെയ്‌തത്‌.

ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബാ ടീമിനെ ഉപയോഗിച്ച്‌ വെള്ളത്തില്‍ പരിശോധന നടത്തും. വെള്ളത്തിലിറങ്ങാന്‍ പറ്റിയ സാഹചര്യമല്ലെങ്കില്‍ കുളം വറ്റിക്കും.

45 അടി ആഴമുള്ളതാണ്‌ പാറക്കുളമെന്ന്‌ സമീപവാസികള്‍ പറഞ്ഞു. ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. എസ്‌. ഷെരീഫ്‌, സി.ഐ. അനൂപ്‌ ജോസ്‌ എന്നിവരുടെ നേതൃത്വതിലാണു തെരച്ചില്‍.