
കോട്ടയം: കെട്ടിട നിര്‍മാണ ലൈസന്‍സിന് 15,000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് എന്‍ജിനീയര്‍ മാര്‍ട്ടിന്‍ ആന്റണിക്ക് 7 വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ലഭിച്ച കേസില്‍ പരാതിക്കാരന്‍ വിചാരണക്കുമുന്‍പേ മരിച്ചുപോയെങ്കിലും തുണയായത് സാഹചര്യത്തെളിവുകള്‍. പ്രതിയെ അകത്താക്കിയത് വിജിലൻസ് ഡിവൈഎസ്പിസുരേഷ് കുമാർ നടത്തിയ പഴുതടച്ച അന്വേഷണം.
2014 ല്‍ കോട്ടയം നഗരസഭ സോണല്‍ ഓഫിസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയിരിക്കെ 15,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് തിരുവല്ല കിഴക്കന്‍ മുത്തൂര്‍ കുടമാളൂര്‍ കോട്ടേജില്‍ മാര്‍ട്ടിന്‍ ആന്റണിയെ കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി കെ.വി.രജനീഷ് ശിക്ഷിച്ചത്.
നീലിമംഗലത്ത് ഹോട്ടല്‍ കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്കായി പല പ്രാവശ്യം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു മാര്‍ട്ടിന്‍.
പരാതിക്കാരന്‍ വിചാരണയ്‌ക്കു മുന്‍പ് മരിച്ചുപോയിരുന്നു. പ്രോസിക്യൂഷന് അദ്ദേഹത്തെ വിസ്തരിക്കാന്‍ കഴിഞ്ഞില്ല. കേസിലെ സാക്ഷി, വിചാരണ വേളയില്‍ കൂറുമാറുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിട്ടും സാഹചര്യത്തെളിവുകളും പ്രതി പരാതിക്കാരനുമായി നടത്തിയ ഫോണ്‍ രേഖകളും സഹിതം പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ കഴിഞ്ഞു. മുന്‍ വിജിലന്‍സ് ഡിവൈഎസ്പി എസ്.സുരേഷ് കുമാര്‍ പഴുതടച്ച് അന്വേഷണം നടത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഡിവൈഎസ്പി പി.എന്‍.രമേഷ് കുമാറാണ്.








