അവൻ അഭ്യാസം എടുത്തു തുടങ്ങി..! രോഗിയെപ്പറ്റി ഒരു ഡോക്ടർ പറയുന്നു: ഈ ഡോക്ടർമാരെ വിശ്വസിച്ച് എങ്ങനെ രോഗിയെ ഏൽപ്പിക്കും: ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം: കൊവിഡ് ബാധിച്ച യുവാവ് മരിച്ചതിൽ ദുരൂഹത; പ്രതിഷേധവുമായി ചങ്ങനാശേരി എസ്.എൻ.ഡി.പി യൂണിയൻ രംഗത്ത്
തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗി രാത്രിയിൽ അഭ്യാസം എടുക്കുന്നതായി ബന്ധുക്കളോട് ഡോക്ടറുടെ സംഭാഷണം. ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ കൊവിഡ് ബാധിച്ചു മരിച്ച ചങ്ങനാശേരി എസ്.എൻ.ഡി.പി യോഗം കൗൺസിലർ രമേശി് (38)നെതിരെയാണ് ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്ടർ മോശമായ ഭാഷയിൽ സംസാരിക്കുന്നത്.
രാത്രിയിൽ രോഗി അഭ്യാസം എടുക്കുന്നതായും, ശരീരത്തിലേയ്ക്കു ഘടിപ്പിച്ചിരിക്കുന്ന വയറുകൾ വലിച്ചു മുറിയ്ക്കുന്നതായുമാണ് ഡോക്ടർ മോശമായ ഭാഷയിൽ സംസാരിക്കുന്നത്. കൊവിഡ് ബാധിച്ച്, ന്യുമോണിയ ബാധിതനായി കഴിഞ്ഞിരുന്ന യുവാവിന് എതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർത്തി ആശുപത്രിയിലെ മിഥുൻ എന്ന ഡോക്ടർ എത്തുന്നത്. വളരെ മോശമായ പദപ്രയോഗങ്ങളാണ് ഡോക്ടർ ഫോൺ സംഭാഷണത്തിൽ നടത്തുന്നത്.
തന്റെ മുന്നിൽ എത്തിയ രോഗിയെയാണ് ഇദ്ദേഹം ഏറ്റവും മോശമായ ഭാഷയിൽ അപമാനിച്ച് സംസാരിക്കുന്നത്. രോഗിയ്ക്ക് വിവേചന ബുദ്ധിയില്ലെന്നത് അടക്കമുള്ള ഓഡിയോ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രോഗിയായ രമേശ് പണിക്കർ മരിച്ചതോടെയാണ് സംഭവം വിവാദമായി മാറിയത്. ഡോക്ടറും രോഗിയുടെ ബന്ധുവും തമ്മിലുള്ള സംഭാഷണം പുറത്തു വന്നതാണ് ഇപ്പോൾ വിവദമായി മാറിയത്.
രോഗി ശ്വാസം കിട്ടാതെ പിടയുന്നതിനിടെയാണ് ഡോക്ടർ രോഗിയുടെ അഭ്യാസമായി വിലയിരുത്തിയിരിക്കുന്നത്. രോഗി മരിച്ചതിന്റെ തലേന്ന് രാത്രിയിൽ ഡോക്ടർ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തു വന്നത്. രോഗിയെ രാത്രിയിൽ പരലൈസ് ചെയ്ത് ഇടുകയായിരുന്നുവെന്നു ഡോക്ടർ സമ്മതിക്കുന്നുണ്ട്. രാത്രിയിൽ രോഗിയെ മയക്കിക്കിടത്താൻ നൽകിയ മരുന്നാണ് രമേശിന്റെ മരണത്തിനു കാരണമെന്ന ആരോപണമാണ് ഇപ്പോൾ ബന്ധുക്കൾ ഉയർത്തുന്നത്.
കഴിഞ്ഞ 17 ന് രാത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവാണ് എന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ തനിക്ക് ശ്വാസ തടസം ഉണ്ടാകുന്നതായും തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റണമെന്നും രമേശ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രമേശിന്റെ മരണം സംഭവിച്ചത്. മൂന്നു ലക്ഷത്തോളം രൂപയാണ് ഇതുവരെ ചികിത്സാ ചിലവായി ആശുപത്രി ഈടാക്കിയിരുന്നത്. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത് ചലനമറ്റ നിലയിലാണ് എന്നും ബന്ധുക്കൾ പറയുന്നു.
ചങ്ങനാശേരി എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലർ സി.ജി രമേശിന്റെ (38) മരണത്തിൽ ചങ്ങനാശേരി എസ്.എൻ.ഡി.പി യൂണിയൻ പ്രതിഷേധ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചങ്ങനാശേരി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിലും രൂപീകരിച്ചു. ആക്ഷൻ കൗൺസിൽ രൂപീകരണ യോഗത്തിൽ ചങ്ങനാശേരി എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി.