play-sharp-fill
മൺകട്ടകൊണ്ടു നിർമ്മിച്ച വീട് പേരിൽക്കൂട്ടാൻ 15000 രൂപ കൈക്കൂലി: നിർധനനായ വീട്ടുടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പന നഗരസഭ റവന്യു ഓഫിസർ പിടിയിൽ; പിടിയിലായത് കൊട്ടാരക്കര സ്വദേശിയായ കൈക്കൂലിക്കാരൻ

മൺകട്ടകൊണ്ടു നിർമ്മിച്ച വീട് പേരിൽക്കൂട്ടാൻ 15000 രൂപ കൈക്കൂലി: നിർധനനായ വീട്ടുടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പന നഗരസഭ റവന്യു ഓഫിസർ പിടിയിൽ; പിടിയിലായത് കൊട്ടാരക്കര സ്വദേശിയായ കൈക്കൂലിക്കാരൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മൺകട്ടകൊണ്ടു നിർമ്മിച്ച വീട് പേരിൽ കൂട്ടുന്നതിനായി നിർധനനായ ഗൃഹനാഥനിയിൽ നിന്നും 13000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പന നഗരസഭ റവന്യു ഓഫിസറെ വിജിലൻസ് സംഘം പിടികൂടി.

കട്ടപ്പന നഗരസഭ റവന്യു ഓഫിസർ കൊല്ലം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര വീട്ടിൽ ഷിജു എ.അസീസിനെയാണ് വിജിലൻസ് എസ്.പി വിജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജനുവരി 16 ന് കട്ടപ്പന നഗരസഭയിൽ നൽകിയ അപേക്ഷയിലാണ് ഇപ്പോൾ കൈക്കൂലി വാങ്ങിയ കേസിൽ ഇയാൾ പിടിയിലായത്. 1986 ൽ പരാതിക്കാരന്റെ പിതാവിന് തീറാധാരമായി സ്ഥലം ലഭിച്ചിരുന്നു.

ഈ സ്ഥലം പേരിലേയ്ക്കു കൂട്ടാനായി ആധാരം എഴുത്തുകാരനെ സമീപിച്ചു. തുടർന്നു, ഇയാളുടെ നിർദേശം അനുസരിച്ചാണ്, റവന്യു ഓഫിസറെ സമീപിച്ചത്. ആധാരം എഴുത്തുകാരൻ ഒന്നുങ്കിൽ വീട് പൊളിച്ചു കളയണമെന്നും, അല്ലെങ്കിൽ ഉടൻ നമ്പർ ഇടണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് റവന്യു ഉദ്യോഗസ്ഥനെ സമീപിച്ചെങ്കിലും പിഴ തുക അടക്കം 60000 രൂപ നഗരസഭയിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ, ഇത്രയും തുക തന്റെ പക്കലില്ലെന്ന് വീട്ടുടമ പറഞ്ഞതോടെ 20000 രൂപയെങ്കിലും നൽകണമെന്നായി ഉദ്യോഗസ്ഥന്റെ നിലപാട്. പണം നൽകണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതോടെ വീട്ടുടമ പിന്നീട് ഓഫിസിൽ പോകാതെയായി. ഇതോടെ കഴിഞ്ഞ ദിവസം വീട്ടുടമയെ ഫോണിൽ വിളിച്ച ഉദ്യോഗസ്ഥൻ, ഓഫിസിലേയ്ക്ക് എത്താൻ ആവശ്യപ്പെട്ടു.

3000 രൂപ മുതൽ വിലപേശിയ ഉദ്യോഗസ്ഥൻ ഒടുവിൽ 13000 രൂപ തന്നാൽ രേഖകളെല്ലാം ശരിയാക്കി നൽകാമെന്ന് അറിയിച്ചു. ഇതോടെ പരാതിക്കാരൻ വിജിലൻസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ കട്ടപ്പന നഗരസഭ ഓഫിസിൽ എത്തി പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം എത്തി ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തു. ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പി വി.ആർ രവികുമാർ, ഇൻസ്‌പെക്ടർമാരായ ടിപ്‌സൺ തോമസ് മേക്കാടൻ, ബിനേഷ് കുമാർ, റെജി എം.കുന്നിപ്പറമ്പൻ, കോട്ടയം യൂണിറ്റിൽ നിന്നുള്ള എ.എസ്.ഐമാരായ സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.അരുൺ ചന്ദ് എന്നിവർക്കൊപ്പം, ഇടുക്കി യൂണിറ്റിൽ നിന്നുള്ള ഗ്രേഡ് എസ്.ഐമാരായ എൻ.എസ് ഷാജി, കെ.എൻ ഷാജി, ടിപ്‌സൺ തോമസ്, ജെയിംസ് ആന്റണി , എ.ജെ ജോയി, ഗ്രേഡ് എ.എസ്.ഐമാരായ കെ.ജി സഞ്ജയ്, പി.ആർ സുരേന്ദ്രൻ, ബിനോയ് തോമസ്, മാത്യു സി.കെ, ബിജു വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.ബി മാത്യു, സന്ദീപ് ദത്തൻ, കെ.ആർ അഭിലാഷ്, റഷീദ്, കൃഷ്ണകുമാർ, ഷിബു കെ.ടി, സെബി മാത്യു, എം.എസ് നൗഷാദ്, അനീഷ് വിശ്വനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.