play-sharp-fill
കൊറോണ ലോക്ക് ഡൗണിനിടെ ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞു: മറിഞ്ഞത് ബേക്കറി സാധനങ്ങളുമായി ആലപ്പുഴയിലേയ്ക്കു പോയ ലോറി

കൊറോണ ലോക്ക് ഡൗണിനിടെ ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞു: മറിഞ്ഞത് ബേക്കറി സാധനങ്ങളുമായി ആലപ്പുഴയിലേയ്ക്കു പോയ ലോറി

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ ലോക്ക് ഡൗൺ കാലത്ത് ഏറ്റുമാനൂരിൽ വാഹനാപകടം. നിയന്ത്രണം വിട്ട മിനി ലോറി റോഡിൽ തലകുത്തി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നവർ ഗുരുതരമായി പരിക്കേൽക്കാതെ രക്ഷപെട്ടത്. ഡ്രൈവറും മറ്റൊരു ജീവനക്കാരനും മാത്രമാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നത്.


വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഏറ്റുമാനൂർ – പാലാ റോഡിലായിരുന്നു അപകടം. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും ബേക്കറിസാധനങ്ങൾ ഉണ്ടാക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുമായി യാത്ര ചെയ്യുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. പിന്നിൽ ക്യാബിനുള്ള മിനി ലോറിയ്ക്കുള്ളിൽ സാധനങ്ങളുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാധനങ്ങൾ വിവിധ കടകളിലും ഹോൾസെയിൽ ഡീലർമാർക്കും വിതരണം ചെയ്യുന്നതിനാണ് രണ്ടംഗ സംഘം തൊടുപുഴയിൽ നിന്നും തിരിച്ചത്. പാലാ ഏറ്റുമാനൂർ റോഡിൽ പുന്നത്രകവലയ്ക്കും വെട്ടിമുകൾ ഷട്ടർകവലയ്ക്കും ഇടയിലുള്ള വളവിൽ വച്ചാണ് മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്.

റോഡിൽ മറ്റു വാഹനങ്ങളൊന്നുമില്ലാത്തതിനാൽ അൽപം വേഗതയിലായിരുന്നു മിനി ലോറിയുടെ സഞ്ചാരമെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡിൽ പാളി മറിയുകയായിരുന്നു. അപകടത്തെ തുടർന്നു ലോറിയുടെ പിന്നിലെ ക്യാബിൽ തുറന്ന് ഇതിനുള്ളിലുണ്ടായിരുന്ന സാധനങ്ങൾ റോഡിൽ ചിതറിത്തെറിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് സാധനങ്ങൾ പെറുക്കി മാറ്റിയത്.

തുടർന്നു നീലിമംഗലത്തു നിന്നും ക്രെയിൻ വിളിച്ചു വരുത്തി ലോറി നേരെയാക്കി. തുടർന്നു സാധനങ്ങൾ എല്ലാം മാറ്റി വച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ബേക്കറി സാധനങ്ങൾ വിതരണം ചെയ്യാനാണ് ലോറി എത്തിയത്. സ്ഥിരം അപകടമുണ്ടാകുന്ന വളവാണ് ഏറ്റുമാനൂരിലെ ഷട്ടർ കവലയ്ക്കു സമീപമുള്ള റോഡ്. കൊറോണക്കാലത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ ചരക്കു ലോറികൾ അമിത വേഗത്തിലാണ് ഇതുവഴി പായുന്നത്. ഇത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക ഉയരുന്നത്.

സംഭവ സ്ഥലത്ത് ഏറ്റുമാനൂർ പൊലീസ് സംഘം എത്തിയിട്ടുണ്ട്. അപകടത്തിൽ റോഡിൽ ചിതറിക്കിടന്ന സാധനങ്ങൾ മാറ്റി വച്ചത് പൊലീസിന്റെ നേതൃത്വത്തിലാണ്. അപകടത്തിൽ പൊലീസ് കേസെടുത്തു.