കൊറോണയെ പ്രതിരോധിച്ച് ഉയിർപ്പിന്റെ കേരളം: 36 പേർ കൂടി രോഗവിമുക്തി നേടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ടു പേർക്കു മാത്രം; ഇടുക്കിയിലും കൊറോണ വട്ടപ്പൂജ്യം..!
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണയെ പ്രതിരോധിച്ച് കേരളം. ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത പ്രതിരോധത്തിന്റെ പുതിയ മുഖമായി കേരളം മാറി. ലോകത്ത് എല്ലായിടത്തും മണിക്കൂറുകൾ വച്ച് രോഗികളുടെ എണ്ണവും മരണവും വർദ്ധിക്കുമ്പോൾ, രോഗത്തെ തുരത്തി ആരോഗ്യം തിരിച്ചു പിടിക്കുകയാണ് മലയാളി മണ്ണ്. ഇന്ന് മാത്രം 36 പേരാണ് രോഗ വിമുക്തി നേടിയത്. കോട്ടയത്തെ കൂടാതെ ഇടുക്കി ജില്ലയും രോഗികളുടെ എണ്ണത്തിൽ പൂജ്യമായി. ഇടുക്കിയിൽ രോഗം ബാധിച്ച എല്ലാവരും രോഗവിമുക്തരായി എന്ന കണക്കാണ് ഇപ്പോൾ പുറത്തു വരുന്നത്.
സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച 36 പേർ കൂടി ഇന്ന് രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പത്രക്കുറിപ്പാണ് പുറത്തു വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിൽ ആരോഗ്യമന്ത്രിയാണ് ഇന്ന് പത്രക്കുറിപ്പ് ഇറക്കിയത്. കാസർഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന 2 പേർ) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ നിലവിൽ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.179 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. ഇന്ന് രണ്ടു പേർക്കു മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂർ, പത്തനംതിട്ട ജില്ലകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇരുവരും വിദേശത്തു നിന്നും എത്തിയവരാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,16,125 പേർ വീടുകളിലും 816 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗലക്ഷണങ്ങൾ ഉള്ള 14,989 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ലോകത്ത് എല്ലാ രാജ്യങ്ങളിലും മരണ നിരക്ക് വർദ്ധിക്കുമ്പോഴാണ് കേരളം നൂറു ദിനം പിന്നിട്ടിട്ടും കൊറോണയുടെ രണ്ടാം ഘട്ടത്തെ പ്രതിരോധിച്ചു നിൽക്കുന്നത്.
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 8447 ഉം, മരണ സംഖ്യ 273 ഉം ആയി വർദ്ധിച്ചപ്പോഴാണ് കേരളം ഗുരുതരാവസ്ഥ മറികടന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും 31 പേരുടെ ജീവൻ നഷ്ടമാവുകയും ചെയ്തു. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ജീവൻ നഷ്ടമായത് ഇതുവരെ 273 പേർക്കാണ്. 765 പേർ രോഗത്തിൽ നിന്ന് മുക്തരാവുകയും ചെയ്തു.ചികിത്സയിലുള്ളത് 7409 പേരാണ്.