play-sharp-fill
കൊറോണ:  കോട്ടയം ജില്ലയിൽ കൊറോണ തടയാൻ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ: പ്രഖ്യാപനം അൻപത് പേരിൽ കൂടുതൽ കൂടി നിൽക്കാതിരിക്കാൻ; നിരോധനം പരിപാടികൾക്കു മാത്രം; നിരോധനാജ്ഞ എന്ന് തെറ്റിധരിപ്പിച്ച് സോഷ്യൽ മീഡിയ

കൊറോണ: കോട്ടയം ജില്ലയിൽ കൊറോണ തടയാൻ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ: പ്രഖ്യാപനം അൻപത് പേരിൽ കൂടുതൽ കൂടി നിൽക്കാതിരിക്കാൻ; നിരോധനം പരിപാടികൾക്കു മാത്രം; നിരോധനാജ്ഞ എന്ന് തെറ്റിധരിപ്പിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ അൻപതു പേരിലധികം കൂടി നിൽക്കുന്നതിനു നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ. ജില്ലയിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫിസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇപ്പോൾ വിവരം പുറത്തു വന്നത്. എന്നാൽ, ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി വ്യാഖ്യാനിച്ച് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രചാരണമാണ് നടക്കുന്നത്.


കൊറോണ ബാധ തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇപ്പോൾ ജില്ലയിൽ അൻപത് പേരിൽ അധികം കൂടി നിൽക്കുന്ന പൊതുപരിപാടികൾക്കു വിലക്ക് ഏർപ്പെടുത്തിയത്. അൻപതു പേരിലധികം പങ്കെടുക്കുന്ന പൊതുചടങ്ങുകൾക്കും, പൊതുപരിപാടിൾക്കും നിരോധനം ഏർപ്പെടുത്തുകയും, ഇത്തരം പരിപാടികൾ സംഘടിപ്പിച്ചാൽ കേസെടുക്കുകയും ചെയ്യുമെന്നാണ് കളക്ടർ പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കളക്ടറുടെ ഈ പ്രഖ്യാപനത്തെ ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി വ്യാഖ്യാനിച്ചാണ് ഫെയ്‌സ്ബുക്കിൽ ചിലർ പ്രചരിപ്പിക്കുന്നത്. അൻപത് പേർ പങ്കെടുക്കുന്ന പരിപാടികൾക്കു നിരോധനം ഏർപ്പെടുത്തുകയാണ് ചെയ്തതെന്നു ജില്ലാ കളക്ടർ പി.കെ സുധീർ ബാബു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. അക്രമസംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രഖ്യാപിക്കുന്ന നിരോധനാജ്ഞയ്ക്കു ഇതുമായി ബന്ധമില്ല. സാഹചര്യവും സ്ഥിതിഗതിയും നോക്കിയാണ് ആളുകൾ കൂടുന്ന പരിപാടികൾക്കു നിരോധനം ഏർപ്പെടുത്തിരിക്കുന്നത്. മറിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ ഇത്തരം ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ജില്ലാ പൊലീസ് മേധാവിയ്ക്കു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ കൊറോണ നിയന്ത്രണ വിധേയമായതായാണ് പുറത്തു വരുന്ന സൂചനകൾ. വെള്ളിയാഴ്ച ഇതുവരെയും ആരെയും നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ല. ഒരാളെ ആശുപത്രിയിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആകെ അഞ്ചു പേരെയാണ് ഇതുവരെ നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. 271 പേരോട് ഇന്നലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. ആകെ 1871 പേരാണ് ജില്ലയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്നത്.

ജില്ലയിൽ 157 സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ടു പേർക്കു മാത്രമാണ് പോസിറ്റീവ് കണ്ടെത്തിയത്. 116 പേർക്കു നെഗറ്റീവ് കണ്ടെത്തിയപ്പോൾ  36 പേരുടെ ഫലം ഇനിയും പുറത്തു വരാനുണ്ട്.  വെള്ളിയാഴ്ച പുറത്തു വന്ന് 24 സാമ്പിളുകളും നെഗറ്റീവാണ്. ഇതിൽ ആറു പേർ വിദേശ പൗരൻമാരാണ്. വെള്ളിയാഴ്ച 24 സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 16 പേർ വിദേശികളാണ്. രോഗം സ്ഥിരീകരിച്ചവർ പ്രാഥമികമായി 129 പേരുമായി ബന്ധപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലുമായി 2907 പേരെ നിരീക്ഷണത്തിന് വിധേയരാക്കി. ഇതിൽ 112 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവർക്ക് ആർക്കും തന്നെ കൊറോണ കണ്ടെത്തിയിട്ടില്ല.