play-sharp-fill
കൊറോണയിലെ സർക്കാർ നിർദേശം ലംഘിച്ചു: കോട്ടയം നഗരത്തിൽ 17 പേർക്കെതിരെ പൊലീസ് കേസ്; കുടുങ്ങിയവരിൽ കാറിനുള്ളിലിരുന്ന് മദ്യപിച്ച യുവാക്കളും; പ്രതിയാക്കപ്പെട്ടവർക്ക് ആറു മാസം തടവും പതിനായിരം രൂപ പിഴയും

കൊറോണയിലെ സർക്കാർ നിർദേശം ലംഘിച്ചു: കോട്ടയം നഗരത്തിൽ 17 പേർക്കെതിരെ പൊലീസ് കേസ്; കുടുങ്ങിയവരിൽ കാറിനുള്ളിലിരുന്ന് മദ്യപിച്ച യുവാക്കളും; പ്രതിയാക്കപ്പെട്ടവർക്ക് ആറു മാസം തടവും പതിനായിരം രൂപ പിഴയും

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ കൊറോണ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ നിരോധനം ലംഘിച്ച് കോട്ടയം നഗരത്തിൽ കറങ്ങി നടന്ന 17 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് പരിശോധന സ്ഥലത്തേയ്ക്കു മദ്യവുമായി എത്തിയ നാലു യുവാക്കളെയും പൊലീസ് പിടികൂടി.


ഇവർക്കെതിരെ കാറിനുള്ളിലിരുന്നു മദ്യപിച്ചതിനു കേസും രജിസ്റ്റർ ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു പേർക്കെതിരെയും വെസ്റ്റ് പൊലീസ് പതിനഞ്ചു പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ചൊവ്വാഴ്ച രാവിലെ മുതൽ നൂറ് കണക്കിന് ആളുകളാണ് കോട്ടയം നഗരത്തിലേയ്ക്ക് എത്തിക്കൊണ്ടിരുന്നത്. അവശ്യ സാധനങ്ങൾക്കു മാത്രം പുറത്തിറങ്ങാവു എന്നതായിരുന്നു സർക്കാർ നിർദേശം. എന്നാൽ, ഈ നിർദേശം ലംഘിച്ച് അനാവശ്യമായി ആളുകൾ സ്വകാര്യ വാഹനങ്ങളിൽ കൂട്ടത്തോടെ നഗരത്തിലേയ്ക്കു എത്തുകയായിരുന്നു.

ഇതോടെയാണ് പൊലീസ് കർശന നടപടികളിലേയ്ക്കു തിരിഞ്ഞത്. ചൊവ്വാഴ്ച ഉച്ച വരെ പൊലീസ് നാട്ടുകാരെ ഉപദേശിച്ച് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചു. എന്നാൽ, ഇതിനും വഴങ്ങാതെ ആളുകൾ അനാവശ്യമായി നഗരത്തിലേയ്ക്കു ഇറങ്ങുകയായിരുന്നു. ഇതോടെയാണ് പൊലീസ് നിലപാട് കടുപ്പിച്ചത്. നിരോധനം ലംഘിച്ച് നിരത്തിലിറങ്ങുന്നവർക്കെതിരെ കേസെടുക്കുമെന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് തേർഡ് ഐ ന്യൂസ് ലൈവിനോടു ഉച്ചയ്ക്കു പറഞ്ഞു. ഇതിനു പിന്നാലെയാണ് പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തത്.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ പതിനഞ്ചു കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ നിർമ്മൽ ബോസ് രണ്ടു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മതിയായ കാരണമില്ലാതെ നഗരത്തിൽ കറങ്ങി നടന്നതായി പൊലീസ് കണ്ടെത്തിയ സംഭവങ്ങളിലാണ് ഇപ്പോൾ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനിടെ തിരുനക്കര മൈതാനത്തിനു സമീപം കെകെ റോഡിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കാറിനുള്ളിൽ മദ്യക്കുപ്പികളുമായി എത്തിയ നാലു യുവാക്കൾ പൊലീസിന്റെ പിടിയിലായി. ഇവർക്കെതിരെ വാഹനത്തിനുള്ളിലിരുന്ന് മദ്യപിച്ചതിനു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സർക്കാർ ഉത്തരവ് ലംഘിച്ചു, രോഗം പടർത്താൻ ശ്രമിച്ചു, അപകടകരമായ സാഹചര്യത്തിൽ നഗരത്തിൽ സഞ്ചരിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്്റ്റർ ചെയ്തിരിക്കുന്നത്. എല്ലാവർക്കും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചിട്ടുണ്ട്. ആറു മാസം തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് എല്ലാവർക്കും എതിരെ ചുമത്തിയിരിക്കുന്നത്.