കൊറോണയെ പ്രതിരോധിക്കാൻ അൻപത് പേരിലധികം ഒന്നിച്ച് കൂടരുതെന്ന് കളക്ടർ: 160 പേരുമായി എക്സൈസിൻ്റെ ഷാപ്പ് ലേലം; കയ്യും കെട്ടി നോക്കി നിന്ന് ജില്ലാ കളക്ടർ: രോഗ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
തേർഡ് ഐ ബ്യൂറോ
കോട്ടയം : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ അൻപതിലധികം ആളുകൾ ഒന്നിച്ച് കുടരുതെന്ന കർശന നിർദേശവുമായി ജില്ലാ കളക്ടർ. കളക്ടറുടെ നിർദേശം പുറത്ത് വന്ന് മണിക്കൂറുകൾക്കകം സർക്കാരിൻ്റെ മറികടന്ന് സർക്കാർ വകുപ്പ് തന്നെ രംഗത്ത്. 160 ലധികം ആളുകളെ പങ്കെടുപ്പിച്ച് തിരുനക്കര തെക്കും ഗോപുരത്തിലെ കാർത്തിക ഓഡിറ്റോറിയത്തിൽ ഷാപ്പ് ലേലം നടത്തിയാണ് രാവിലെ തന്നെ എക്സൈസ് വകുപ്പ് സർക്കാർ നിർദേശം ലംഘിച്ചത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സർക്കാർ നിർദേശം പാലിച്ച് ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകി, മാസ്ക് ഉപയോഗിച്ച് മുഖം മറച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. കാർത്തിക ഓഡിറ്റോറിയത്തിന് മുന്നിൽ എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് , പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ഓഡിറ്റോറിയത്തിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. തുടർന്ന്, പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, ടോം കോര അഞ്ചേരിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ റോബി തോമസ്, നൈഫ് ഫൈസി, ജിൻസൺ സി.സി, തോമസ് റ്റി എഫ്രീം, ജില്ലാ സെക്രട്ടറി എം.കെ ഷമീർ, ഭാരവാഹികളായ അരുൺ മർക്കോസ്, അജു നെടുപ്പാറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ പൊലീസ്, ഇവരെ കരുതൽ തടങ്കലിൽ സൂക്ഷിച്ചിരിക്കുകയാണ്.
സർക്കാർ നിർദേശം ലംഘിച്ച് എക്സൈസ് വകുപ്പിൻ്റെ ഷാപ്പ് ലേലം ഇപ്പോഴും തുടരുകയാണ്. ഇതിനെതിരെ കാര്യമായ നടപടികൾ ഒന്നും ജില്ലാ കളക്ടറും എടുക്കുന്നില്ല. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം എന്ന നിർദേശവും ഇവിടെ നടപ്പാക്കുന്നില്ല. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തത്.
എന്നാൽ , കോട്ടയം കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ കോട്ടയം ഡിവിഷനിലെ കള്ളു ഷാപ്പുകളുടെ വില്‍പ്പന കൊറോണ പ്രതിരോധന നടപടികളുടെ ഭാഗമായുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.