ഒരൊറ്റ കൊറോണകൊണ്ട് തീരുന്നതല്ല പ്രവാസികളുടെ സംഭാവന; കേരളത്തെ നടുക്കടലിൽ നിന്നും രക്ഷിക്കാൻ ഈ പ്രവാസികൾ തന്നെ വേണ്ടി വരും; കൊറോണയുടെ പേരിൽ പ്രവാസികളോടുള്ള അപഹസിക്കൽ നിർത്താം; അവർക്കായി നമുക്ക് കൈ കോർക്കാം; നാടിനൊപ്പം മുഖ്യമന്ത്രിയ്‌ക്കൊപ്പം പ്രവാസികൾക്കു വേണ്ടി തേർഡ് ഐ ന്യൂസ് ലൈവും

ഒരൊറ്റ കൊറോണകൊണ്ട് തീരുന്നതല്ല പ്രവാസികളുടെ സംഭാവന; കേരളത്തെ നടുക്കടലിൽ നിന്നും രക്ഷിക്കാൻ ഈ പ്രവാസികൾ തന്നെ വേണ്ടി വരും; കൊറോണയുടെ പേരിൽ പ്രവാസികളോടുള്ള അപഹസിക്കൽ നിർത്താം; അവർക്കായി നമുക്ക് കൈ കോർക്കാം; നാടിനൊപ്പം മുഖ്യമന്ത്രിയ്‌ക്കൊപ്പം പ്രവാസികൾക്കു വേണ്ടി തേർഡ് ഐ ന്യൂസ് ലൈവും

ഏ കെ ശ്രീകുമാർ

കോട്ടയം: ഒരൊറ്റ കൊറോണകൊണ്ടു തീരുന്നതല്ല പ്രവാസികൾ കേരളത്തിനു നൽകിയ സംഭാവന. വിദേശ രാജ്യത്തു നിന്നും കേരളത്തിലേയ്ക്ക് എത്തിയ കൊറോണയെന്ന മാരക വിപത്തിന്റെ പേരിൽ പ്രവാസികളെയാകെ അപമാനിക്കുന്ന പോസ്ററുകളാൽ സോഷ്യൽ മീഡിയ നിറയുകയാണ്.

ചൈനയിൽ ഉടലെടുത്ത കൊറോണ എന്ന മഹാമാരി കേരളത്തിൽ എത്തിയത് പ്രവാസികളിലൂടെയാണ് എന്നത് യാഥാർത്ഥ്യമാണ്. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത തരം പ്രവാസി വിരുദ്ധമായ നിലപാടാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പ്രവാസികൾ മലയാളികളോടും, കേരളത്തോടും എന്തോ ക്രൂരകൃത്യം ചെയ്തു എന്ന നിലയിലാണ് സോഷ്യൽ മീഡിയ ഇതിനെ കൈകാര്യം ചെയ്യുന്നത്.

കേരളത്തിൽ ആദ്യം കൊറോണ എത്തിയത് ഫെബ്രുവരി അവസാനത്തോടെ തൃശൂരിലായിരുന്നു. വിദേശത്തു നിന്നും എത്തിയ യുവാവാണ് കേരളത്തിൽ ആദ്യം കൊറോണ എത്തിച്ചത്. ഇയാളെ രോഗം ഭേദമാക്കി കേരളം സമ്പൂർണ നിയന്ത്രണത്തിലേയ്ക്കു എത്തിച്ചു. ഇതോടെ കേരളം ഒന്ന് അശ്വസിച്ചു വരുമ്പോഴാണ്, പത്തനംതിട്ട സ്വദേശികളായ കുടുംബം ഇറ്റലിയിൽ നിന്നും എത്തിയത്. ഇവർ മധ്യകേരളത്തിലെ മൂന്നു ജില്ലകളെ മുൾ മുനയിൽ നിർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട്, കാസർകോട് എത്തിയ പ്രവാസിയുടെ പേരിലായിരുന്നു പ്രചാരണം അത്രയും. കള്ളക്കടത്ത് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നതിന്റെ പേരിൽ പുലിവാൽ പിടിച്ച ഈ പ്രവാസിയ്ക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്. പിന്നീട്, കേരളത്തിലേയ്ക്ക് എത്തിയ പ്രവാസികളിൽ 90 ശതമാനത്തിനും കൊറോണ ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ കേരളത്തിലെ പ്രവാസികളെ അപമാനിക്കുന്ന രീതിയിൽ പ്രചാരണം ഉണ്ടായത്.

കേരളം ഇന്നു കാണുന്ന കേരളമായതിനു പിന്നിൽ മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയ പ്രവാസികളുടെ സമ്പാദ്യത്തെ തള്ളിപ്പറയാൻ പറ്റില്ല. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുള്ള സമ്പന്നതയിലേയ്ക്ക് എടുത്തുയർത്തിയത്, യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും അടക്കം കഷ്ടപ്പെട്ട് പണിയെടുക്കുന്ന മലയാളികളുടെ വിയർപ്പും കഷ്ടപ്പാടും തന്നെയാണ്. കുടുംബത്തെ ഉപേക്ഷിച്ച്, നല്ല പ്രായത്തിൽ ജീവിതം മാത്രം സ്വപ്‌നം കണ്ടാണ് ഓരോ പ്രവാസിയും നാട്ടിൽ നിന്നും വിവിധ രാജ്യങ്ങളിലേയ്ക്കു ചേക്കേറുന്നത്.

ഇവരുടെയെല്ലാം മനസിൽ ഒരേ ഒരു സ്വപ്‌നം മാത്രമാവും ഉണ്ടാകുക. കുടുംബവും നാടും..! പക്ഷേ ഈ സ്വപ്‌നത്തെയെല്ലാം മാറ്റി വച്ച് ഇവർ നല്ലൊരു നാളെ സ്വപ്‌നം കണ്ട് ജീവിതം കരുപ്പെടുത്തുകയാവും മണലാരണ്യത്തിൽ. ഇതിനിടെയാണ് ഇപ്പോൾ ഇടുത്തീപോലെ കൊറോണ എന്ന മാരക രോഗം വന്നു പതിച്ചത്. ലോകം തന്നെ കൊറോണയ്ക്കു മുന്നിൽ പകച്ചു നിൽക്കുമ്പോഴാണ് ഒരു വിഭാഗം പ്രവാസി മലയാളികളെ കുറ്റപ്പെടുത്തി രംഗത്തിറങ്ങുന്നത്.

ഇന്ത്യ പ്രഖ്യാപിച്ച ലോക്ഡൗണിനു സമാനമാണ് ലോകത്തിലെ പല കോണുകളിലും അവസ്ഥ. പലയിടത്തും ഭക്ഷണവും വെള്ളവും പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നമുക്കു വേണ്ടി കഷ്ടപ്പെടാൻ പോയ ആയിരകണക്കിന് മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ അവസ്ഥയിലാണ് ഇപ്പോൾ കേരളത്തിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ. ഈ മലയാളികളെയാണ് ഇപ്പോൾ നമ്മൾ ഓരോരുത്തരും ഷെയർ ചെയ്യുന്ന പോസ്റ്റുകളിലൂടെ അപമാനിക്കുന്നത്.

പ്രവാസികൾ മണവലാരണ്യത്തിൽ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നമ്മൾ കഞ്ഞി കുടിച്ചു കഴിഞ്ഞിരുന്നത് എന്ന കാര്യം മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും അവരെ അപഹസിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊറോണ ബാധിക്കുന്നതുമായി ബന്ധപ്പെട്ട് ചിലർ പ്രവാസികളോട് പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ടെന്നും കൊറോണ ലോകത്താകെ പടർന്നു പിടിച്ച മഹാമാരിയാണ് എന്ന കാര്യം ഓർക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അവർ പോയ രാജ്യങ്ങളിൽ ചില പ്രശ്‌നങ്ങളുണ്ടായപ്പോൾ സ്വാഭാവികമായും അവർ തിരിച്ചുവരാൻ ആഗ്രഹിക്കും. തിരിച്ചുവന്നപ്പോൾ ന്യായമായ പ്രതിരോധ നടപടികൾ പൊതുവിൽ എല്ലാവരും സ്വീകരിച്ചു ഒറ്റപ്പെട്ട ചില കേസുകളാണ് ഉണ്ടായത്. അതിൻറെ പേരിൽ നമ്മുടെ നാടിൻറെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ അപഹസിക്കാനും മനസിൽ ഈർഷ്യയോടെ കാണാനും പാടില്ലനാട്ടിലേക്ക് വരാൻ കഴിയാത്ത പ്രവാസികൾ ഇപ്പോൾ കുടുബത്തെയോർത്ത് കടുത്ത ഉത്കണ്ഠയിലാണ്.

നിങ്ങൾ സുരക്ഷിതരായി വിദേശത്തുതന്നെ കഴിയൂ എന്നാണ് ഈ അവസരത്തിൽ സർക്കാരിന് പറയാനുള്ളത്. ആരും ഉത്കണ്ഠപ്പെടേണ്ടതില്ല. നിങ്ങളുടെ കുടുംബങ്ങൾ ഇവിടെ സുരക്ഷിതമായിരിക്കും- അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെയാണ് ചിലർ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രവാസികളെ അപഹസിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം തന്നെയാണ് തേർഡ് ഐ ന്യൂസ് ലൈവും. പ്രവാസികളെ അപഹസിക്കുന്നവരായ ഓരോ മലയാളിയും ഓർക്കേണ്ടത് അവർ നമ്മുക്ക് പകർന്നു നൽകിയ നല്ലകാലത്തിന്റെ ഓർമ്മകളാണ്.