
കൂടത്തായി കൊലപാതക പരമ്പര ; അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും നീളും
സ്വന്തം ലേഖിക
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ കേസന്വേഷണം മുഖ്യപ്രതി ജോളിയുടെ ബന്ധുക്കളിലേക്കും. . അറസ്റ്റിലാകുന്നതിനു തൊട്ടുമുൻപ് ജോളി കട്ടപ്പനയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനായി ബന്ധുവുമൊന്നിച്ച് അഭിഭാഷകനെ കാണാനും പോയി. ഈ സാഹചര്യത്തിലാണ് ജോളിയുടെ ബന്ധുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.
അന്വേഷണത്തിനായി പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മൂന്ന് പ്രതികളുടെയും കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടിനൽകാൻ താമരശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജഡ്ജി എം അബ്ദുറഹീം ഉത്തരവിട്ടു. ഇവരുടെ ജാമ്യപേക്ഷ ശനിയാഴ്ച പരിഗണിച്ചേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സയനൈഡ് കോയമ്പത്തൂരിൽനിന്ന് കൊണ്ടുവന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് പ്രതികളെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മൂന്നാം പ്രതി പ്രജികുമാറിൽ നിന്ന് വാങ്ങിയ സയനൈഡ് രണ്ടാംപ്രതി എം.എസ് മാത്യുവാണ് ജോളിക്ക് കൈമാറിയത്. ജോളിയും പ്രജികുമാറും കോയമ്പത്തൂരിൽ ഉള്ളവരുമായി നിരന്തര ബന്ധപ്പെട്ടിട്ടുണ്ട്. ജോളി പലതവണ കോയമ്ബത്തൂരിൽ പോയതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണുമായി ജോളിക്ക് ബന്ധമുണ്ട്. സയനൈഡ് കൈമാറ്റത്തിൽ ജോൺസണ് പങ്കുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. പ്രജികുമാർ നാട്ടുകാരനായ ഒരു വ്യക്തിക്ക് സയനൈഡ് കൈമാറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും വിശദമായി അന്വേഷിക്കും.
പൊന്നാമറ്റം വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ സയനൈഡ് എന്ന് പ്രഥമദൃഷ്ട്യാ തോന്നുന്ന വസ്തു കണ്ടെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനിടെ മാനസികമോ ശാരീരികമോ ആയി പീഡിപ്പിച്ചിട്ടില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. പ്രജികുമാറുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ശരണ്യ നൽകിയ അപേക്ഷ കോടതി പരിഗണിച്ചു. കോടതി നടപടികൾക്കിടെ പത്തു മിനിറ്റ് സംസാരിക്കാൻ കോടതി ഇരുവരെയും അനുവദിച്ചു.പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി ഹാജരായി