
കുടുംബസ്വത്ത് വീതം വെക്കാൻ കൈക്കൂലി വാങ്ങിയ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരനും പിടിയിൽ; സ്റ്റാമ്പ് ഡ്യൂട്ടി ഒരു ശതമാനം കുറക്കാനായി വാങ്ങിയ 60,000 രൂപ വിജിലൻസ് കണ്ടെടുത്തു
കൊണ്ടോട്ടി: കുടുംബസ്വത്ത് വീതം വെക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരനും വിജിലൻസിന്‍റെ പിടിയിൽ.
സബ് രജിസ്ട്രാർ ഓഫീസർ എസ്. സനിൽ ജോസ്, ഓഫീസ് ജീവനക്കാരൻ ബഷീർ എന്നിവരാണ് പിടിയിലായത്. 60,000 രൂപ ഇവരിൽനിന്ന് കണ്ടെടുത്തു.
പുളിക്കൽ സ്വദേശിയുടെ കുടുംബസ്വത്തായ 75 സെന്‍റ് സ്ഥലം വീതംവെക്കുന്നതിനായാണ് സബ് രജിസ്ട്രാറെ സമീപിച്ചത്. സ്റ്റാമ്പ് ഡ്യൂട്ടി കുറക്കാൻ ആധാരമെഴുത്തുകാരനായ ഏജന്‍റിനെ പോയി കാണാൻ സബ് രജിസ്ട്രാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാമ്പ് ഡ്യൂട്ടി ഒരു ശതമാനമായി കുറച്ചു തരാൻ 40,000 രൂപ സബ് രജിസ്ട്രാർക്കും 20,000 രൂപ തനിക്കും നൽകണമെന്ന് ഏജന്‍റ് ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരനായ പുളിക്കൽ സ്വദേശി വിജിലൻസ് വടക്കൻ മേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു.
സൂപ്രണ്ടിന്റെ നിർദേശപ്രകാരം മലപ്പുറം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസിലെത്തി കൈക്കൂലി കൈമാറുമ്പോൾ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.