‘എന്നെ കൊല്ലല്ലേ കൊല്ലല്ലേ ‘ എന്നു പെറ്റമ്മ നിലവിളിച്ചിട്ടും മകൻ ചെവികൊണ്ടില്ല….

‘എന്നെ കൊല്ലല്ലേ കൊല്ലല്ലേ ‘ എന്നു പെറ്റമ്മ നിലവിളിച്ചിട്ടും മകൻ ചെവികൊണ്ടില്ല….

സ്വന്തം ലേഖിക

കൊല്ലം: എന്നെ കൊല്ലല്ലേ കൊല്ലല്ലേ..എന്നു പറഞ്ഞു സാവിത്രി അമ്മ ആർത്തുനിലവിളിച്ചിട്ടും മനസലിവ് തോന്നാതെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു മകൻ. സെപ്തംബർ 3ന് വൈകിട്ട് നാല് മണിയോടെ സാവിത്രി അമ്മയുടെ നിലവിളി കേട്ടതായി അയൽവാസി ജലജ പറഞ്ഞു. സുനിൽകുമാർ മദ്യപിച്ചെത്തി അമ്മയെ മർദ്ദിക്കുന്നത് പതിവായതിനാൽ ആരും അങ്ങോട്ട് പോയില്ല. അന്ന് രാത്രി ശക്തമായ മഴയായിരുന്നു. അതുകൊണ്ടുതന്നെ കുഴിയെടുക്കുന്ന ശബ്ദം ആരും കേട്ടില്ല. നേരത്തെ വീട്ടുവഴിക്കിൽ ഇടപെടാൻ ശ്രമിച്ച അയൽവാസികളെ സുനിൽകുമാർ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനുശേഷം പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അയൽവാസികൾ മറ്റ് മക്കളെ വിളിച്ചറിയിക്കുകയാണ് പതിവ്.

സാവിത്രി അമ്മ വീട്ടിൽ കോഴിയെ വളർത്തിയിരുന്നു. അതിനാൽ എവിടേക്കെങ്കിലും പോയാൽ രണ്ട് ദിവസത്തിനുള്ളിൽ മടങ്ങിവരുമായിരുന്നു. ഒരുമാസത്തിലേറെയായിട്ടും കാണാതായതോടെ സാവിത്രി അമ്മയെ സുനിൽകുമാർ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്ന് അയൽവാസികളിൽ പലരും ഊഹിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുടെ പേരിൽ അപ്‌സര ജംഗ്ഷന് സമീപമുള്ള മൂന്ന് സെന്റ് ഭൂമി ആവശ്യപ്പെട്ടാണ് പതിവ് പോലെ സെപ്തംബർ 3നും സുനിൽകുമാർ വഴക്കിട്ട് തുടങ്ങിയത്. ഒന്നുകിൽ ആ സ്ഥലം എഴുതി നൽകണം അല്ലെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. തനിക്ക് സുഖമായി ജീവിക്കണമെന്നായിരുന്നു സുനിൽകുമാർ നിരത്തിയ ന്യായം. ഭാര്യയുമായി പലപ്പോഴും പിണക്കത്തിലായിരുന്നു സുനിൽകുമാർ. ആഹാരം പാകം ചെയ്ത് നൽകിയിരുന്നത് സാവിത്രി അമ്മയായിരുന്നു. വസ്ത്രങ്ങളും കഴുകി നൽകുമായിരുന്നു. ഇടയ്ക്ക് സ്വത്ത് ആവശ്യപ്പെട്ട് മർദ്ദിച്ചപ്പോൾ സാവിത്രി അമ്മ മകൾ ലാലിയെ വിളിച്ച് കാര്യം പറഞ്ഞു. ലാലിയെത്തി പരാതി നൽകാൻ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ സാവിത്രി അമ്മയുടെ മനസ് മാറി. എന്റെ പൊന്നുമോനാണവൻ, അവന് ഞാനല്ലാതെ വേറാരുണ്ടെന്ന് പറഞ്ഞ് അമ്മ മടങ്ങിയതായി വിങ്ങലോടെ മകൾ ലാലി പറഞ്ഞു. പെൻഷൻ കാശ് ചോദിച്ചും ഉപദ്രവിക്കുമായിരുന്നു. പക്ഷെ, സാവിത്രിഅമ്മയ്ക്ക് ഇളയമകനായ സുനിൽകുമാറിനോട് വലിയ സ്‌നേഹമായിരുന്നു.

വീടിന്റെ ഉത്തരത്തിൽ കുരുക്കിട്ട സാരി

രണ്ട് ദിവസം മുൻപ് പൊലീസ് നടത്തിയ പരിശോധനയിൽ സാവിത്രി അമ്മയുടെ വീടിന്റെ ഉത്തരത്തിൽ സാരി കുരുക്കിട്ട് നിർത്തിയിരിക്കുന്നതായി കണ്ടെത്തി. അമ്മയെ കൊലപ്പെടുത്തിയതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്യാൻ താൻ കെട്ടിയതാണെന്നാണ് സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ. ഇത് പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.സാവിത്രി അമ്മയെ കെട്ടിത്തൂക്കാൻ കെട്ടിയാതാണോയെന്ന സംശയത്തിലാണ് പൊലീസ്. അടിയേറ്റ് അമ്മ നിലത്ത് ബോധരഹിതയായി വീണുവെന്നാണ് സുനിൽകുമാറിന്റെ മൊഴി. പോസ്റ്റ്‌മോർട്ടത്തിൽ മാത്രമേ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യം വ്യക്തമാകു. കുഴിയിൽ നിന്നും പുറത്തെടുത്തപ്പോൾ മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു

പട്ടത്താനം നീതി നഗർ നടുങ്ങി

കാണാതായി ഒരുമാസം കഴിഞ്ഞെങ്കിലും സാവിത്രി അമ്മ മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു പട്ടത്താനം നീതി നഗർ. ഇന്നലെ രാവിലെ മകൻ സുനിൽകുമാറിനെ കൈവിലങ്ങിട്ട് വൻ പൊലീസ് സംഘം എത്തിയപ്പോൾ പ്രദേശവാസികളാകെ അമ്പരന്നു. മറ്റൊരു കൊലക്കേസ് പ്രതിയായ സുനിൽകുമാറിനെ ചുറ്റിപ്പറ്റി ചില സംശയങ്ങൾ തോന്നിയിരുന്നെങ്കിലും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് അറിഞ്ഞപ്പോൾ പ്രദേശവാസികളെല്ലാം നടുങ്ങി. നൂറ് കണക്കിന് പേരാണ് മൃതദേഹം പുറത്തെടുക്കുന്നത് കാണാൻ സ്ഥലത്ത് തടിച്ചുകൂടിയത്.

സുഹൃത്തിനെ കൊന്നത്

87 വെട്ട് വെട്ടി

അമ്മയെ കൊന്നത് പോലെ യാതൊരു ദയയുമില്ലാതെയാണ് സുഹൃത്തായ കാവുമ്പള കുന്നിൽ വീട്ടിൽ സുരേഷ്ബാബുവിനെ 2015 ഡിസംബർ 27 ന് അയത്തിൽ പാർവത്യാർ ജംഗ്ഷനിലെ ഹോളോബ്രികിസ് കമ്പനിയിൽ വച്ച് കൊലപ്പെടുത്തിയത്. അന്ന് സുരേഷ് ബാബുവിന്റെ ശരീരത്തിൽ 87 വെട്ടിന്റെ പാടുകളാണ് കണ്ടെത്തിയത്.