18 വർഷം ആരോരുമില്ലാതെ ജീവിച്ചു, മൂന്ന് മാസം മോർച്ചറിയിൽ, ഒടുവിൽ സലീമിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു
കൊല്ലം: ഉറ്റവരും ഉടയവരും ഇല്ല എന്ന് മുദ്രകുത്തപ്പെട്ടു. എല്ലാവരിൽ നിന്നും അകന്നു കഴിഞ്ഞത് 18 വർഷങ്ങൾ. മരിച്ചതിനു ശേഷവും കൊല്ലം ജില്ല ആശുപത്രിയിൽ മൂന്ന് മാസം അജ്ഞാതത്വം തുടർന്നു. ഒടുവിൽ സ്വകാര്യ ആശുപത്രിയിലേക്ക്. സലിം എന്ന പേരില്‍മാത്രം ഒതുങ്ങിയിരുന്ന ആ അജ്ഞാതനെ കഴിഞ്ഞദിവസമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഭാര്യയും മകനും സഹോദരനും എത്തി തിരിച്ചറിഞ്ഞതോടെ ബുധനാഴ്ച സലിമിന്റെ മൃതദേഹം കോഴിക്കോട് കാന്തപുരത്തേക്ക് കൊണ്ടുപോയി.
മാസങ്ങള്‍ക്കു മുൻപാണ് വഴിയരികില്‍ അവശനിലയില്‍ കണ്ട അജ്ഞാതനെ പോലീസ് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. സലിം എന്ന പേരുമാത്രമാണ് ആശുപത്രി രേഖകളിലുണ്ടായിരുന്നത്. ബന്ധുക്കളാരുമില്ലാത്തതിനാല്‍ ആശുപത്രി ജീവനക്കാർ വേണ്ട സഹായങ്ങളെല്ലാം ചെയ്തു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ദിവസങ്ങള്‍ക്കകം സലിം മരണപെട്ടു. ബന്ധുക്കളെത്തിയാല്‍ വിട്ടുകൊടുക്കാനായി മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചു. മാസങ്ങളായിട്ടും ആരുമെത്താത്തതിനാല്‍ മൃതദേഹം പിന്നീട് പഠനാവശ്യത്തിനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിക്ക് കൈമാറി.
ജില്ലാ ആശുപത്രി ജീവനക്കാർ സലിമിന് നല്‍കിയ സഹായങ്ങളെപ്പറ്റിയും മൃതദേഹം കൈമാറിയതിനെപ്പറ്റിയും അറിഞ്ഞ ബന്ധുവും പൊതുപ്രവർത്തകയുമായ ബുഷറ കൊല്ലത്തെ മദീന ഒ.ഐ.സി.സി. വെല്‍ഫെയർ സെക്രട്ടറി നിഷാദുമായി ബന്ധപ്പെട്ടു. മദ്രസാധ്യാപകനായ കാന്തപുരം ഉണ്ണികുളം മുണ്ടോച്ചാലില്‍വീട്ടില്‍ സലിമിനെ 18 വർഷംമുൻപ് കാണാതായിരുന്നു. ഇതുസംബന്ധിച്ച് പോലീസില്‍ അന്ന് പരാതിയും നല്‍കി. പിന്നീട് വീട്ടുകാർ സ്വന്തംനിലയിലും പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ മൈമൂനയും മകൻ നിസാമുദ്ദീനും സഹോദരൻ അബ്ദുള്‍ സമദും കഴിഞ്ഞദിവസം കൊല്ലത്തെത്തി മൃതദേഹം സലിമിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കാന്തപുരം കൊയ്ലോത്തുകണ്ടി ജമാഅത്ത് കബറിസ്താനിലാണ് കബറടക്കം.