വരുതിക്ക് വന്നാൽ ആളും തരവും നോക്കി തീരുമാനിക്കും; ജോസ് പക്ഷം യുഡിഎഫ് വിട്ടു വന്നാൽ ചർച്ച ചെയ്ത് തീരുമാനിക്കും: കോടിയേരി ബാലകൃഷ്ണൻ; യുഡിഎഫിനേയും ബിജെപിയേയും തകർക്കുക പൊതു ലക്ഷ്യമെന്ന് പാർട്ടി മുഖ പത്രത്തിൽ ലേഖനം; ജോസ്മോനായതു കൊണ്ട് വേണേൽ കഴിഞ്ഞതൊക്കെ മറക്കാം; അല്ലേലും രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് സിനിമയിൽ പോലും പറയുന്നുണ്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് വിട്ടു നിൽക്കുന്ന ജോസ് കെ മാണിയെ ഒപ്പം കൂട്ടുമെന്ന സൂചന വീണ്ടും നൽകി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. യുഡിഎഫ് വിട്ടു വരുന്നവരെ കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

യുഡിഎഫിനേയും ബിജെപിയേയും ദുർബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതായി മുന്നണിയുടെ നേതൃത്വം പ്രഖ്യാപിച്ചു. തകരാൻ പോകുന്ന കപ്പലിൽ നിന്ന് നേരത്തേ മോചിതനായതിന്റെ സന്തോഷമായിരുന്നു ജോസ് കെ മാണിക്കും കൂട്ടർക്കും.

ജോസ് വിഭാഗത്തെ യുഡിഎഫിൽ തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസ്-മുസ്ലീം ലീഗ് നേതാക്കൾ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിള്ളലേറ്റത്. ഇത് ശ്രദ്ധേയമായൊരു രാഷ്ട്രീയ സംഭവ വികാസമാണെന്നും കോടിയേരി പറഞ്ഞു.

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കൊണ്ടുവന്ന അവിശ്വസ പ്രമേയം പ്രതിപക്ഷത്തിന്റെ ഉള്ള കരുത്തും ചോർത്തി. നിയമസഭയിൽ തോറ്റ പ്രതിപക്ഷം, സെക്രട്ടേറിയറ്റിലെ ഒരു സെക്ഷനിലുണ്ടായ തീപിടിത്തത്തെ വലിയ സംഭവമാക്കി മാറ്റി. സർക്കാരിനെതിരായ പ്രചാരണങ്ങൾ ജനങ്ങളിൽ ഏശില്ല. സെക്രട്ടേറിയറ്റിൽ ഇ-ഫയൽ സംവിധാനം ഏർപ്പെടുത്തിയതിനാൽ തീപിടിച്ചാലും ഫയലുകൾ നഷ്ടപ്പെടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.