play-sharp-fill
ഏഴു വർഷമായി മുടങ്ങിക്കിടന്ന കോടിമത രണ്ടാം പാലം നിര്‍മാണത്തിന് വീണ്ടും തുടക്കമാകുന്നു ; നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു ; 15.48 കോടി രൂപയുടെ ഭരണാനുമതി

ഏഴു വർഷമായി മുടങ്ങിക്കിടന്ന കോടിമത രണ്ടാം പാലം നിര്‍മാണത്തിന് വീണ്ടും തുടക്കമാകുന്നു ; നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു ; 15.48 കോടി രൂപയുടെ ഭരണാനുമതി

സ്വന്തം ലേഖകൻ

കോട്ടയം: ഏഴു വർഷമായി മുടങ്ങിക്കിടന്ന കോടിമത രണ്ടാം പാലം നിർമ്മാണത്തിന് വീണ്ടും തുടക്കമാകുന്നു. പാലത്തിന്റെയും അപ്രോച്ച്‌ റോഡിന്റെയും നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.


പാലം നിർമാണം വർഷങ്ങള്‍ക്കു മുൻപ് പൂർണമായെങ്കിലും അപ്രോച്ച്‌ റോഡിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

28 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണു പാലം നിർമ്മിക്കുന്നത്. കഴിഞ്ഞ മാസമാണു റവന്യു വകുപ്പ് സ്ഥലം മാറിയത്. 15.48 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. കൊടൂരാറ്റില്‍ ജലനിരപ്പ് ഉയർന്നു നില്‍ക്കുന്നതിനാല്‍ അടുത്തആഴ്ച്ചയോടെ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏഴുവർഷം മുടങ്ങിക്കിടന്ന പ്രവർത്തനം പുനരാരംഭിക്കുന്നതിനായി ഏട്ടു കോടി രൂപ അധികമായി വേണ്ടി വന്നെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ പറഞ്ഞു.

നിർമാണത്തിന്റെ ഭാഗമായി ആകെ എട്ട് സ്പാനുകളാണ് ഉള്ളത്. പാലത്തിന്റെ കോട്ടയത്തേയ്ക്കുള്ള ഭാഗത്ത് മണ്ണിട്ടുയർത്തും. ചങ്ങനാശേരിയിലേക്കുള്ള ഭാഗത്ത് സ്പാനുകള്‍ നിർമിച്ചു റോഡുമായി ബന്ധിപ്പിക്കും. നിർമാണത്തിന്റെ ഭാഗമായി ഇവിടെയുള്ള കെ.എസ്.ഇ.ബി ലൈനുകളും ട്രാൻസ്‌ഫോമറും മാറ്റും.

2015ലായിരുന്നു നിർമാണ ജോലികള്‍ ആരംഭിച്ചത്. അപ്രോച്ച്‌ റോഡിനാവശ്യമായ സ്ഥലമെടുപ്പ് പൂർത്തിയാക്കാതെയായിരുന്നു പാലം പണി. രണ്ട് വീട്ടുകാരെ ഒഴിപ്പിക്കാൻ കഴിയാതെ വന്നതോടെ നിർമാണം സ്തംഭിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയമെന്ന ആരോപണവും ശക്തമായിരുന്നു. ഏറെ കാലത്തിനു ശേഷം ഇവരെ പുനരധിവസിപ്പിച്ചെങ്കിലും പണി മുന്നോട്ടു നീങ്ങിയില്ല.

അപ്രോച്ച്‌ റോഡില്‍ വരുന്ന രണ്ട് വീട്ടുകാരെ ഒഴിപ്പിക്കുന്നതില്‍ കാലതാമസം വന്നതിനാല്‍ പണി നിറുത്തി കരാറുകാരൻ സ്ഥലം വിട്ടിരുന്നു. പിന്നീട് വീട്ടുകാരെ ഒഴിപ്പിച്ചെങ്കിലും കരാറുകാരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. തുടർന്നാണ് ഇയാളെ ഒഴിവാക്കി അവശേഷിക്കുന്ന ഭാഗം പൂർത്തിയാക്കാൻ പുതുക്കിയ ടെണ്ടർ വിളിക്കുകയായിരുന്നു. നിയമനടപടികള്‍ ഇരുഭാഗത്തും ഉണ്ടാകില്ലെന്ന് പഴയ കരാറുകാരനുമായി ധാരണയിലുമെത്തിയ ശേഷമായിരുന്നു ഇത്. നിലവില്‍ എത്രയും വേഗം അപ്രോച്ച്‌ റോഡിൻ്റെ പണി പൂർത്തിയാക്കി പാലം തുറന്നു നല്‍കാനാകുമെന്ന പ്രതീക്ഷയാണുള്ളത്.