
കൊച്ചി : ഇന്നലെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാലായിരം കോടി രൂപയുടെ മൂന്ന് വൻകിട വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചി കപ്പശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപണി ശാല എന്നിവയും ഇന്ത്യൻ ഓയില്‍ കോര്‍പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനലുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുക.
കൊച്ചി കപ്പല്‍ ശാലയില്‍ 1799 കോടി രൂപ ചിലവിലാണ് പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയായത്. കുറഞ്ഞ പാരിസ്ഥിതിക ആഘാതം, ഉയര്‍ന്ന സുരക്ഷിതത്വം, മികച്ച പ്രവര്‍ത്തന ക്ഷമത എന്നിവയാണ് ഈ ഡ്രൈ ഡോക്കിന്‍റെ പ്രത്യേകതകള്‍. ഇതിന് പുറമെ 970 കോടി രൂപ ചെലവഴിച്ചാണ് രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാല ഒരുക്കിയിട്ടുണ്ട്. വെല്ലിംഗ്ടണ്‍ ഐലൻഡിലെ കൊച്ചിൻ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് ഈ കേന്ദ്രം സജ്ജമാക്കിയത്. കൊച്ചിയെ ആഗോള കപ്പല്‍ റിപ്പയര്‍ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
പുതുവൈപ്പിനിലാണ് ഐഒസിയുടെ പുതിയ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ സ്ഥാപിച്ചിട്ടുള്ളത്. 1236 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് ഈ ടെര്‍മിനല്‍. 15400 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഈ ടെര്‍മിനല്‍ ദക്ഷിണേന്ത്യയിലെ എല്‍ പി ജി ആവശ്യകത നിറവേറ്റാൻ ശേഷിയുള്ള വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ പി ജി വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടിയുടെ ചിലവ് കുറക്കാനും 18000 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനും ഈ ടെര്‍മിനല്‍ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group