കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് കെ.എം.മാണി

കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് കെ.എം.മാണി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയദുരിതത്തിൽ നാശനഷ്ടം സംഭവിച്ച കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം അടിയന്തിരമായി നൽകണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. കോട്ടയത്ത് ചേർന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം തീരെ അപര്യാപ്തമാണ്. ചെറുകിട കർഷകർ എടുത്തിട്ടുള്ള കടങ്ങൾ എഴുതി തള്ളണം. തണ്ണീർമുക്കം ബണ്ട് തുറക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്നുള്ള കരടുരേഖയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണം. ഇക്കാര്യത്തിൽ കേരളത്തിന്റെ ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. ജനവാസകേന്ദ്രങ്ങളെ അന്തിമറിപ്പോർട്ടിൽ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. കുട്ടനാട്ടിലും മറ്റും വെള്ളം ഇറങ്ങുമ്പോൾ നശിച്ചുപോയ വീടുകൾ സർക്കാർ പുനർനിർമ്മിച്ച് നൽകണം. പ്രളയകെടുതി ഒഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവർക്ക് സർവ്വവും നഷ്ടപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുനരധിവാസ പാക്കേജിന് രൂപം നൽകണം. ദുരിതം അനുഭവിക്കുന്ന കർഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് ദേശ സാത്കൃത ബാങ്കുകളിൽനിന്നും സഹകരണ ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള മുഴുവൻ കാർഷിക വായ്പകളും എഴുതിത്തള്ളാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. നെല്ലിന്റെ സംഭരണവില ക്വിന്റലിന് 3000 രൂപയായി വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. കേന്ദ്രസർക്കാർ തുക വർദ്ധിപ്പിച്ചതിനെതുടർന്ന് 2530 രൂപ വരെയായി. ഇത് സംസ്ഥാന സർക്കാർ കൂടി സഹകരിച്ച് 3000 രൂപയാക്കി നെല്ലിന്റെ സംഭരണവില വർദ്ധിപ്പിക്കണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു. സെപ്തംബർ 30ന് മുമ്പ് എല്ലാ ജില്ലകളിലും പാർട്ടിയുടെ ജില്ലാ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചു. ഓരോ ജില്ലയിലുമുള്ള കാർഷിക പ്രശ്നങ്ങൾ ജില്ലാ ക്യാമ്പിൽ പ്രത്യേകം ചർച്ച ചെയ്യുന്നതാണ്. ജില്ലാ തലത്തിലും കർഷകസമരം സംഘടിപ്പിക്കുന്നതാണ്.
കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച് കർഷക പ്രക്ഷോപണം തീരുമാനിക്കുന്നതിന് 19 അംഗ ഉപസമിതിയെ തെരഞ്ഞെടുത്തു. അതിന്റെ യോഗം ഓഗസ്റ്റ് 7 ന് നടക്കും. കെ.എം.മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ.മാണി, ജോയി ഏബ്രഹാം, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, അലക്സ് കോഴിമല, എൻ.ജെ. ജേക്കബ്ബ്, ജെയ്ക്കബ്ബ് അബ്രാഹാം, സണ്ണി തെക്കേടം, പ്രൊഫ. കെ.എ. ആന്റണി, തോമസ് എം. മാത്തുണ്ണി, പി.ടി. ജോസ്, കെ.ജെ. ദേവസ്യാ, കുര്യാക്കോസ് പ്ലാപറമ്പിൽ, വിക്ടർ ടി. തോമസ്, റെജി കുന്നകോട് എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group