സംസ്ഥാന സർക്കാർ വിശ്വാസികളെ വഞ്ചിച്ചു ; കെ.എം.മാണി
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും കേരളത്തിലെ ഈശ്വരവിശ്വാസികളെ വഞ്ചിച്ചെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. കേരളാ കോൺഗ്രസ് (എം) 55-ാം ജന്മദിനത്തിന്റെ ഭാഗമായി ശബരിമലയുടെ പവിത്രത കാത്തുസംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ നടന്ന സർവ്വമത പ്രാർത്ഥനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യസംസ്ഥാനത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ (25) ഉറപ്പുനൽകുന്ന മതവിശ്വാസങ്ങൾ കാത്തുസൂക്ഷിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കേണ്ട കടമ പാലിക്കാൻ സംസ്ഥാന സർക്കാരിനായില്ല. സ്ത്രീപുരുഷ സമത്വം എല്ലാ മേഖലകളിലും ഉണ്ടാകേണ്ടത് അനിവാര്യമാണ്. എന്നാൽ കാലങ്ങളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങൾ അതിന്റെ പേരിൽ അട്ടിമറിക്കുന്നത് അനുവദിക്കാൻ ആവില്ല. ഈശ്വരവിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരും ദേവസ്വംബോർഡും നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കണമെന്നും കെ.എം.മാണി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ യുഡിഎഫ് സർക്കാർ ശബരിമലയിലെ വിശ്വാസങ്ങൾ കാത്തുസൂക്ഷിക്കുന്ന തരത്തിലാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ആ സത്യവാങ്മൂലം അട്ടിമറിക്കപ്പെട്ടതാണ് ഇങ്ങനൊരു വിധിയുണ്ടായതെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. ക്ഷേത്രവിശ്വാസങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാതിരുന്ന ദേവസ്വംബോർഡ് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. അതുകൊണ്ട് തിരുവിതാംകൂർ ദേവസ്വംബോർഡിന് തുടരാൻ അർഹതയില്ലെന്നും എം.പി പറഞ്ഞു.
കേരളത്തിലെ ക്ഷേത്രങ്ങൾക്ക് വൈവിധ്യങ്ങളായ ആചാരങ്ങളാണുള്ളത്. ശബരമിലയിൽ യുവതികൾക്കു മാത്രമാണ് നിയന്ത്രണമുള്ളത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ അവിടുത്തെ പ്രതിഷ്ഠാസങ്കൽപ്പവുമായി ബന്ധപ്പെടുത്തി സ്ത്രീപ്രവേശനത്തിന് വരുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ സ്ത്രീവിരുദ്ധം എന്ന് ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേരളാ വനിതാ കമ്മീഷൻ മുൻ അംഗം ഡോ. പ്രമീളാ ദേവി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡോ. എൻ. ജയരാജ് എം.എൽ.എ, ജോയ് എബ്രഹാം എക്സ് എം.പി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ജനാബ് താഹാ മൗലവി, ജി. രാമൻ നായർ, ഫാ. ജെയിംസ് മുല്ലശ്ശേരി, ബ്രാഹ്മണസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. നാരായണശർമ്മ, അസീസ് ബഡായി, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് ചാഴികാടൻ, ജോസഫ് എം. പുതുശ്ശേരി, ജോർജ്ജുകുട്ടി അഗസ്തി, സണ്ണി തെക്കേടം, മുഹമ്മദ് ഇക്ബാൽ, പ്രിൻസ് ലൂക്കോസ്, വഴുതാനത്ത് ബാലചന്ദ്രൻ, തോമസ് ഉണ്ണിയാടൻ, ജോൺ കെ.മാത്യു, ജോബ് മൈക്കിൾ, വിജി എം. തോമസ്, ജേക്കബ്ബ് തോമസ് അരികുപുറം, തോമസ് എം. മാത്തുണ്ണി, വി.ടി. ജോസഫ്, ഷീലാ സ്റ്റീഫൻ, തുടങ്ങിയവർ പ്രസംഗിച്ചു.