ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരെ നിയമിക്കുന്നതിനുള്ള യോഗ്യത ബിടെക്കും പി.ജി.ഡി.സി.എ എന്നാക്കി മാറ്റണം ; ബന്ധുവായ അദീബിനെ നിയമിക്കുന്നതിനായി യോഗ്യതാ മാനദണ്ഡം മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ജലീലിന്റെ കത്ത് പുറത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ബന്ധുവായ അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി യോഗ്യതാ മാനദണ്ഡം മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള മന്ത്രി കെ.ടി. ജലീലിന്റെ കത്ത് പുറത്ത്.
ബന്ധു അദീബിനെ ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ ജനറൽ മനേജരായി നിയമിക്കുന്നതിനായാണ് കെ.ടി. ജലീൽ നിയമന മാനദണ്ഡം മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാൻ നിർദ്ദേശിക്കുന്ന ജലീലിന്റെ കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പഴയ ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 2016 ജൂലൈ 26ൽ ജിഐഡി സെക്രട്ടറിക്കാണ് കെ.ടി ജലീൽ കത്ത് നൽകിയിരിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2013 ജൂൺ 29ന് ധനകാര്യ വികസന കോർപ്പറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ജനറൽ മാനേജറുടെ യോഗ്യത ബിടെക്കും പിജിഡിസിഎ എന്ന് മാറ്റി യോഗ്യത നിശ്ചയിക്കണമെന്നാണ് ജലീൽ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ബന്ധുവായ കെ.ടി. അദീബിന്റെ യോഗ്യതയാണ് ജനറൽ മാനേജരെ നിയമിക്കുന്നതിനായുള്ള മാനദണ്ഡമായി മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഇത്ത നൽരത്തിൽ യോഗ്യത മാറ്റി നിശ്ചയിക്കുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബർ എട്ടാം തിയതിയാണ് യോഗ്യതയില്ലാത്ത കെ. ടി. അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് മന്ത്രി കെ. ടി. ജലീലിന്റെ ഓഫീസ് ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ രാജി വെച്ച അദീബ് കോഴിക്കോട് സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഓഫീസിലെ സീനിയർ മാനേജർ തസ്തികയിലേക്ക് മടങ്ങുകയും ചെയ്തു.
മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനെന്നും മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്ത ഇന്നലെ കണ്ടെത്തിയിരുന്നു. ഇനിയൊരു 20 ദിവസത്തോളമാണ് നിലവിലെ മന്ത്രിസഭയ്ക്ക് കാലാവധിയുള്ളത്. ഇടതുപക്ഷ സർക്കാരിന്റെ ഈ അവസാന ഘട്ടത്തിൽ രാജിവെക്കണമോ എന്ന ചോദ്യം പാർട്ടിക്ക് മുന്നിലുണ്ട്.
എന്നാൽ ന്ത്രി എ കെ ബാലന്റെ അഭിപ്രായം കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ്. കീഴ്‌ക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ രാജിവെക്കുന്ന കീഴ്‌വഴക്കമില്ല. ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീൽ ഉടൻ രാജിവെക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഎമ്മും സംസ്ഥാന സർക്കാരും.