കിളിരൂർ ക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു: ലോറി തലകീഴായി മറിഞ്ഞത് അമ്പലക്കുളത്തിലേയ്ക്ക്: ഡ്രൈവർ രക്ഷപെട്ടത് അത്ഭുതകരമായി
തേർഡ് ഐ ബ്യൂറോ
കോട്ടയം: കിളിരൂർ ക്ഷേത്രത്തിനു സമീപത്തെ അമ്പലക്കുളത്തിലേയ്ക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു. മണ്ണുമായി ഇറക്കം ഇറങ്ങിയെത്തിയ ടിപ്പർ ലോറി, അമ്പലക്കുളത്തിലേയ്ക്കു തലകീഴായി മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ലോറിയിൽ നിന്നും ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപെട്ടത്. കുമരകം സ്വദേശി ആശാരിശേരിയിൽ ഉണ്ണിയാണ് വാഹനം ഓടിച്ചിരുന്നത്.
പ്രദേശത്തു നിന്നും മണ്ണെടുത്ത ശേഷം ക്ഷേത്രക്കുളത്തിനു സമീപത്തേയ്ക്കു ടിപ്പർ ലോറി റിവേഴ്‌സ് ഗിയറിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം നഷ്ടമായ ലോറി അമ്പലക്കുളത്തിലേയ്ക്കു മറിഞ്ഞത്. ലോറി തലകീഴായി മറിഞ്ഞെങ്കിലും ഡ്രൈവർ ലോറി മറിയും മുൻപ് തന്നെ ആത്ഭുതകരമായി ചാടി രക്ഷപെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചരിഞ്ഞ വഴിയിലൂടെ ലോറി പിന്നിലേയ്ക്ക് എടുത്തതോടെ ലോറിയുടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്നു, പിന്നിലേയ്ക്ക് ഉരുണ്ട ലോറി അപ്രതീക്ഷിതമായി കുഴിയിലേയ്ക്കു വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കുളത്തിലേയ്ക്കു മറിഞ്ഞ ടിപ്പര്‍ ലോറി പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്കു കയറ്റി.