
സ്വന്തം ലേഖിക
യുക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം ബെല്‍ഗോറോഡില്‍ ആക്രമണം നടത്തിയ യുക്രെയ്നെതിരെ വ്യോമാക്രമണം കടുപ്പിച്ച് റഷ്യ.യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ രൂക്ഷമായ വ്യോമാക്രമണമാണ് റഷ്യ നടത്തിയത്. നഗരപ്രദേശങ്ങളില്‍ ബോംബര്‍ വിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയായിരുന്നു റഷ്യയില്‍ യുക്രെയ്ന്‍ മിസൈല്‍ ആക്രമണം നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാന്തരീക്ഷം രൂക്ഷമായ സാഹചര്യത്തില്‍, റഷ്യയുടെ മിസൈല്‍ ആക്രമണത്തിന്റെ ആസന്നമായ ഭീഷണിയെക്കുറിച്ച് യുക്രെയ്ന്‍ ജനതയ്ക്ക് നേരത്തെ തന്നെ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ റഷ്യ യുക്രെയ്നില്‍ 35 ചാവേര്‍ ഡ്രോണുകളയച്ച് ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു യുക്രെയ്ന്‍ വ്യോമസേന മുന്നറിയിപ്പ് പ്രസ്താവനകള്‍ പുറത്തിറക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോംബര്‍ വിമാനങ്ങളായ ‘ടിയു-95എംഎസില്‍’ നിന്ന് ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കുമെന്ന് ഭീഷണിയുള്ളതായും, ആകെ 16 ടിയു-95എംഎസ് സ്ട്രാറ്റജിക് ബോംബറുകളുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ കണ്ടെത്തിയതായും സമൂഹമാധ്യമമായ ടെലഗ്രാം വഴി യുക്രെയ്ന്‍ വ്യോമസേന പുറത്തിറക്കിയ മുന്നറിയിപ്പ് പ്രസ്താവനയില്‍ പറയുന്നു. ക്രൂയിസ് മിസൈലുകളുടെ സാന്നിധ്യമുള്ളതിനാല്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകാനുള്ള സാധ്യത കൂടുതലാണ്.
റഷ്യ യുക്രെയ്നിലേക്കയച്ച 35 ഡ്രോണുകളില്‍ മുഴുവനും വ്യോമസേന വിജയകരമായി നശിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. യുക്രെയ്നിലെ ഹര്‍കീവ്, കീവ്, മൈകോലൈവ്, സപോറീസിയ എന്നീ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ഡ്രോണ്‍ ആക്രമണം. യുക്രെയ്ന്റെ ഭാഗത്തുനിന്നും ശക്തമായ തിരിച്ചാക്രമണം നടക്കുന്നതിനാല്‍ തുടര്‍ന്നും റഷ്യൻ മിസൈല്‍ ആക്രമണങ്ങളുടെ തോത് വര്‍ധിക്കാൻ സാധ്യത ഏറെയാണെന്നാണ് റിപ്പോര്‍ട്ട്.ഇതേത്തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് യുക്രെയ്ന്‍ നഗരം.
എന്താണ് ടിയു-95എംഎസ് ബോംബര്‍ വിമാനങ്ങള്‍?
ശീതയുദ്ധകാലം മുതല്‍ റഷ്യൻ വ്യോമസേനയുടെ പ്രധാന ഭാഗമായിരുന്ന തന്ത്രപ്രധാനമായ ബോംബര്‍ വിമാനങ്ങളാണ്, നാറ്റോ റിപ്പോര്‍ട്ടിംഗ് നാമത്തില്‍ ‘ബിയര്‍-എച്ച്'(Bear-H) എന്നറിയപ്പെടുന്ന ടിയു-95എംഎസ്. സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത ഈ ബോംബര്‍ വിമാനങ്ങള്‍ ദീര്‍ഘദൂര വീക്ഷണമുള്ള, ടര്‍ബോപ്രോപ്പ്-പവര്‍ ബോംബറാണ്.
ടിയു-95 എംഎസ്ന് അണുബോംബുകള്‍ ഉള്‍പ്പെടെ വിവിധ പേലോഡുകള്‍ വഹിക്കാൻ സാധിക്കുന്നവയാണ്. കാലക്രമേണ, ക്രൂയിസ് മിസൈലുകള്‍ വഹിക്കാനും ഈ വിമാനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കനത്ത പ്രതിരോധമുള്ള വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാതെ തന്നെ ലക്ഷ്യം തകര്‍ക്കാവുന്ന രീതിയിലാണ് ഇവ നവീകരിച്ചിട്ടുള്ളത്.
ഡിസംബര്‍ 29ന് യുക്രെയ്നിലെ പ്രധാന നഗരങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മുപ്പതോളം പേരാണ് കൊല്ലപ്പെട്ടത് 160പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കീവ്, ഒഡേസ, ഖാര്‍കീവ്, ലിവിവ് നഗരങ്ങളിലാണ് റഷ്യ ഒരേസമയം ആക്രമണം നടത്തിയത്. ഹൈപ്പര്‍സോണിക്, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്നും 114 മിസൈലുകള്‍ വെടിവച്ചിട്ടെന്നും യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം ആക്രമണത്തിന് പിന്നാലെ അറിയിച്ചിരുന്നു.