play-sharp-fill
പാമ്പാടി കൂരോപ്പടയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന് നാട്ടുകാർ; കാറിനെ പിൻതുടർന്ന് സാഹസികമായി പൊലീസ് സംഘം പ്രതികളെ പിടികൂടി; തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന യുവാവിന്റെ മൊഴിയിൽ വലഞ്ഞ് പൊലീസ്; മറ്റൊരു കെവിൻ കേസ് ഒഴിവായ ആശ്വാസത്തിൽ പാമ്പാടി പൊലീസ്

പാമ്പാടി കൂരോപ്പടയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന് നാട്ടുകാർ; കാറിനെ പിൻതുടർന്ന് സാഹസികമായി പൊലീസ് സംഘം പ്രതികളെ പിടികൂടി; തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന യുവാവിന്റെ മൊഴിയിൽ വലഞ്ഞ് പൊലീസ്; മറ്റൊരു കെവിൻ കേസ് ഒഴിവായ ആശ്വാസത്തിൽ പാമ്പാടി പൊലീസ്

ക്രൈം ഡെസ്‌ക്

പാമ്പാടി: പാമ്പാടി കൂരോപ്പടയിൽ കാറിലെത്തിയ സംഘം യുവാവിനെ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോയതായി നാട്ടുകാരുടെ പരാതി. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് കാറിലെത്തിയ ആറംഗ സംഘം വീട്് അടിച്ച് തകർക്കുകയും, കൂരോപ്പട ഉറുമ്പിൽ ഫെലിക്‌സ് ഷാജിയെ (27) തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. ഇവർ സഞ്ചരിച്ച വാഹനത്തെ കായംകുളം വരെ പിൻതുടർന്ന പൊലീസ് സംഘം പ്രതികളെ പിടികൂടിയെങ്കിലും തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ഇരയാക്കപ്പെട്ട യുവാവ് മൊഴി നൽകിയതോടെ പൊലീസും കുഴങ്ങി. ഫെലിക്‌സ് ചില കേസുകളിൽ പ്രതിയാക്കപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട ചിലരാണ് ഫെലിക്‌സിനെ തട്ടിക്കൊണ്ടു പോയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ടായിരുന്ന നാടകീയ സംഭവങ്ങൾ. ഫെലിക്‌സും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട് അടിച്ച് തകർക്കുന്നതും അക്രമ സംഭവങ്ങളും കണ്ടാണ് കൂരോപ്പടക്കാർ ഓടിയെത്തി നോക്കിയത്. ഈ സമയം കണ്ടത് അഞ്ചംഗ സംഘത്തിന്റെ നടുവിലൂടെ നടന്നു വരുന്ന ഫെലിക്‌സിനെയാണ്. രണ്ടു പേർ ഫെലിക്‌സിന്റെ തോളിൽ കയ്യിട്ടിരുന്നു. ഫെലിക്‌സിന്റെ മുഖഭാവത്തിൽ നിന്നും ഇയാളെ തട്ടിക്കൊണ്ടു പോകുകയാണെന്ന സൂചനയും ലഭിച്ചിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ വിവരം പാമ്പാടി പൊലീസിൽ അറിയിച്ചു.
തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം വാഹനത്തെ പിൻതുടർന്നു. കായംകുളത്ത് വച്ച് പ്രതികൾ അടങ്ങുന്ന സംഘത്തെ തടഞ്ഞു. തുടർന്ന് പ്രതികളെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്ത് ഞായറാഴ്ച രാത്രിയോടെ പാമ്പാടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നായി ഫെലിക്‌സിന്റെ നിലപാട്. തങ്ങൾ ചങ്ക്‌സ് എന്ന വാട്‌സ് അപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗങ്ങളാണെന്നും അതുകൊണ്ടു സുഹൃത്തുക്കൾക്കൊപ്പം പോയതാണെന്നുമായിരുന്നു ഫെലിക്‌സിന്റെ നിലപാട്. ഈ സാഹചര്യത്തിൽ ഫെലിക്‌സിനെ വിശദമായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാൾ ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പം പോയതാണെങ്കിൽ ഫെലിക്‌സിന്റെ വീട് അടിച്ച് തകർത്തത് ആരാണ് അത് എന്തിനാണ് എന്ന ചോദ്യത്തിനു പക്ഷേ കൃത്യമായ ഉത്തരം ലഭിക്കുന്നില്ല.
എന്നാൽ, കൃത്യ സമയത്ത് ഇടപെട്ടത് കൊണ്ടു മറ്റൊരു കെവിൻ കേസ് ഒഴിവായതായി പൊലീസ് ആശ്വസിക്കുന്നു.

യുവാവിനെ തട്ടിക്കൊണ്ടു പോയ പ്രതികൾ അറസ്റ്റിൽ : സംഭവം ഇങ്ങനെ ഇവിടെ വായിക്കാം – https://thirdeyenewslive.com/home-news/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group