കാമുകന്മാര്‍ തമ്മിലടിച്ചു, ഇടപെട്ട പൊലീസ് നാണം കെട്ടു
സ്വന്തം ലേഖകൻ
തൊടുപുഴ : പ്രതിശ്രുതവരനൊപ്പം വിവാഹവസ്ത്രങ്ങൾ എടുക്കുന്നതിനിടെ യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് കൂട്ടയടിയിൽ കലാശിച്ചു. തുടർന്ന്, പോലീസ് എത്തി യുവതിയേയും കാമുകനെയും പ്രതിശ്രുതവരനെയും ബന്ധുക്കളെയും സ്റ്റേഷനിലെത്തിച്ചു.
തൊടുപുഴയിൽ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു നാടകീയസംഭവങ്ങൾ അരങ്ങേറിയത്. ഉടുമ്പന്നൂർ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവർഷമായി പ്രണയത്തിലായിരുന്നു. നാലുവർഷം മുമ്പ് യുവാവ് ഗൾഫിൽ പോകുകയും ഈ സമയം പെൺകുട്ടി കോട്ടയം, ഈരാറ്റുപേട്ട സ്വദേശിയും ഗുജറാത്തിൽ എൻജീനിയറുമായ ഇതരമതസ്ഥനുമായി പ്രണയത്തിലായി. ഇതിനിടെ പാലക്കുഴ സ്വദേശി ഗൾഫിൽനിന്നു ബംഗളുരുവിലെത്തി. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും കഴിഞ്ഞ 20-നു വീട്ടുകാരുടെ സമ്മതത്തോടെ വിവാഹനിശ്ചയം നടത്തുകയും ചെയ്തു. ഇതറിഞ്ഞ ഈരാറ്റുപേട്ട സ്വദേശി ഇന്നലെ രാവിലെ ഗുജറാത്തിൽനിന്നു വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയ മുൻകാമുകൻ അവിടെനിന്നു ടാക്സിയിൽ തൊടുപുഴയിലെത്തി. വസ്ത്രശാലയിൽനിന്നു യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാൻ ശ്രമിച്ചതിനെ തുടർന്ന് തടയാൻ എത്തിയ പ്രതിശ്രുതവരനെയും യുവതിയുടെ സഹോദരനെയും മർദിച്ചത്.
പോലീസ് എത്തി വിവരമന്വേഷിച്ചതോടെ, വിവാഹം നിശ്ചയിച്ചതു തന്റെ അറിവോടെയാണെന്നു പെൺകുട്ടി പറഞ്ഞു. ഇതോടെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സ്ഥലം കാലിയാക്കി. എല്ലാം വ്യക്തമായ പ്രതിശ്രുതവരനും കുടുംബവും വിവാഹത്തിനു താൽപര്യമില്ലെന്ന് അറിയിച്ചു. എങ്കിൽ, കാമുകനൊപ്പം പോകണമെന്നു പറഞ്ഞ യുവതിയെ മൈലക്കൊമ്പിലെ ഷെൽറ്റർ ഹോമിലേക്കു മാറ്റി. കോടതി മുഖേനയോ സ്റ്റേഷനിൽ ഒത്തുതീർപ്പാക്കിയോ തലവേദന ഒഴിവാക്കാനാണു പോലീസിന്റെ ആലോചന. സംഘർഷത്തിന്റെ പേരിൽ ആറുപേർക്കെതിരേ പോലീസ് കേസെടുത്തു.