video
play-sharp-fill
കിടങ്ങൂർ ലൂർദ് ആശുപത്രിയിലെ വനിതാ ഡോക്ടർ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ: മരണകാരണമെന്തന്നറിയാതെ പൊലീസ്; മരണത്തിൽ ദുരൂഹത

കിടങ്ങൂർ ലൂർദ് ആശുപത്രിയിലെ വനിതാ ഡോക്ടർ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ: മരണകാരണമെന്തന്നറിയാതെ പൊലീസ്; മരണത്തിൽ ദുരൂഹത

തേർഡ് ഐ ബ്യൂറോ

പാലാ: കിടങ്ങൂരിലെ ലൂർദ് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറായ യുവ വനിതാ ഡോക്ടറെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പനച്ചിക്കാട് വെള്ളിയാക്കൽ വീട്ടിൽ അർച്ചന നായരെ (32)യാണ് ആശുപത്രിയോട് ചേർന്ന ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഇവരെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കിടങ്ങൂർ എസ്‌ഐ അനുരാജ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ശനിയാഴ്ച രാത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്നു അർച്ചന. വീട്ടിലെ സ്വകാര്യ ആവശ്യത്തിനായി മാതാവ് കോമളം പി.നായർ പനച്ചിക്കാട്ടെ വീട്ടിലേയ്ക്ക് പോയിരുന്നു. ഇതേ തുടർന്ന് അർച്ചന ക്വാർട്ടേഴ്‌സിൽ തനിച്ചായിരുന്നു. ഇന്നലെ രാവിലെ അർച്ചനയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. ഇതേ തുടർന്ന് മാതാവ് ആശുപത്രി അധികൃതരെ ഫോണിൽ ബന്ധപ്പെട്ടു. ഇവർ ക്വാർട്ടേഴ്‌സിൽ എത്തി നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്‌സ് അകത്തു നിന്നു പൂട്ടിക്കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് വിവരം കിടങ്ങൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.
കട്ടിലിൽ മൂടിപ്പുതച്ച് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. മരണകാരണം എന്തെന്ന് വ്യക്തമായിരുന്നുമില്ല. കയ്യിലോ, ശരീരത്തിലോ മറ്റു പാടുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് പാലാ ആർഡിഒയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ഹൃദയാഘാതത്തെ തുടർന്നാണോ മരണം സംഭവിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ, ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമേ എന്തെങ്കിലും കൃത്യമായ വിവരം പറയാൻ സാധിക്കൂ എന്ന പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ്് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
പരേതനായ പരമേശ്വരൻ നായരാണ് പിതാവ്. ഭർത്താവ് പനച്ചിക്കാട് എം.ജി നിവാസിൽ മുകേഷ് പത്തനംതിട്ട കളക്ടറേറ്റിലെ കുടുംബശ്രീ വിഭാഗം ജീവനക്കാരനാണ്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്ക് മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും.