കെവിന്റെ മരണം; എ. എസ്. ഐയുടെ പങ്ക് വ്യക്തം, രണ്ട് പോലീസുകാർ കസ്റ്റഡിയിൽ.

കെവിന്റെ മരണം; എ. എസ്. ഐയുടെ പങ്ക് വ്യക്തം, രണ്ട് പോലീസുകാർ കസ്റ്റഡിയിൽ.

Spread the love

ശ്രീകുമാർ

കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ എ. എസ്. ഐ ബിജുവിനെയും പൊലീസ് ജീപ്പ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഇരുവരേയും നേരത്തേ ഐ. ജി വിജയ് സാഖറെ സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തിൽ ഐ. ജിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എ. എസ്. ഐ ബിജു നേരത്തെ തന്നെ കാര്യങ്ങൾ അറിഞ്ഞിരുന്നെന്നും തടയാനാകുമായിരുന്ന ഒരു കുറ്റ കൃത്യത്തിന് അറിഞ്ഞുകൊണ്ട് കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും സസ്പെന്റ് ചെയ്തത്. കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇവർ കൈക്കൂലി വാങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.
മുഖ്യപ്രതി ഷാനുവിനോട് ഫോണിൽ സംസാരിക്കുന്നത് എ. എസ്. ഐ ബിജുവാണെന്നാണ് ഐ. ജി സ്ഥിരീകരിച്ചു. ഇവരെ പ്രതിചേർക്കുന്ന കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമാകുമെന്നും ഐ. ജി പറഞ്ഞു. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.
കെവിൻ കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി പെട്രോളിങ്ങിനിടെ എ. എസ്. ഐ ബിജു ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ പ്രതികളെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ എ. എസ്. ഐ ബിജു കൈക്കൂലി വാങ്ങി പ്രതികളെ വിട്ടയക്കുകയായിരുന്നു. മാത്രമല്ല എ. എസ്. ഐക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിയാമെന്ന് കരുതുന്ന തരത്തിലുള്ള ഓഡിയോയും പുറത്ത് വന്നിരുന്നു.