കെവിന്റെ മരണം; പ്രതികളെ മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു.

കെവിന്റെ മരണം; പ്രതികളെ മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ വധക്കേസിൽ 13 പ്രതികളെയും ആയുധങ്ങളും മുഖ്യസാക്ഷി അനീഷ് തിരിച്ചറിഞ്ഞു. അനീഷിന്റെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയിരുന്നു.
കെവിൻ വധക്കേസിൽ കുറ്റാന്വേഷണ ചട്ടങ്ങൾ പൊലീസ് ലംഘിച്ചതായും മുഖ്യസാക്ഷിയായ അനീഷിന്റെ മൊഴി ആവശ്യാനുസരണം മാറ്റിയതായും ആരോപണം ഉയർന്നിരുന്നു. ആരോപണവിധേനായ എസ്.ഐ എം.എസ് ഷിബുവാണ് അന്വേഷണം നടത്തുന്ന എഫ്.ഐ.ആർ തയ്യാറാക്കിയത്. പൊലീസ് നീക്കത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും നിർണായകവിവരങ്ങൾ രേഖപ്പെടുത്തതെയും പോസ്റ്റ്മോർട്ടത്തിലും ഫോറൻസിക് പരിശോധനയിലും നിയമം അട്ടിമറിച്ചതായും സൂചനയുണ്ട്. അക്രമിസംഘത്തിൽ നിന്ന് രക്ഷപെടാൻ ഓടിയ കെവിൻ ചാലിയക്കര പുഴയിൽ വീണ് മരിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അനീഷിന്റെ മൊഴി, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, പ്രതികളുടെ മൊഴി എന്നിവയാണ് ഇത് സ്ഥിരീകരിക്കാൻ പൊലീസ് നിരത്തുന്നതെങ്കിലും കാര്യങ്ങളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ചു പൊലീസിന് മറുപടിയില്ല. അനീഷിന്റെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ അനീഷ് പറഞ്ഞ നിർണായക കാര്യങ്ങൾ പൊലീസ് മൊഴിയിൽ രേഖപ്പെടുത്തിയില്ല. കാറിനുള്ളിൽ വെച്ചുള്ള മർദനത്തിൽ കെവിൻ അവശനായിരുന്നുവെന്ന് സൂചിപ്പിക്കുന്ന അനീഷിന്റെ മൊഴിയും ഒഴിവാക്കപ്പെട്ടു. അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ എം.എസ്. ഷിബു തയ്യാറാക്കിയ എഫ്.ഐ.ആറിലാണ് അന്വേഷണമെന്നതും സംശയം വർധിപ്പിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടവും തുടർന്ന് നടന്ന ഫൊറൻസിക് പരിശോധനയുമാണ് കേസ് അട്ടിമറിക്കാനുള്ള പൊലീസ് നീക്കത്തിന്റെ മറ്റു ഉദാഹരണങ്ങൾ.