വരാപ്പുഴയും, കെവിനും പൊലീസിനെ ഒന്നും പഠിപ്പിച്ചില്ല: ഒരു വർഷമായിട്ടും 275 പൊലീസ് സ്റ്റേഷനുകളിൽ നാഥനില്ല; അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട് എസ്.ഐമാർ; 13 വർഷം കഴിഞ്ഞിട്ടും തോളിൽ രണ്ട് നക്ഷത്രം മാത്രം;ജോലി ഭാരം താങ്ങാനാവാതെ സേന
ശ്രീകുമാർ
കോട്ടയം: സംസ്ഥാനത്ത് സി.ഐമാരെ എസ്എച്ച്ഒ മാരായി നിയമിച്ച് ഒരു വർഷം കഴിഞ്ഞിട്ടും താളം കണ്ടെത്താതെ പൊലീസ് സ്റ്റേഷനുകൾ. 196 പൊലീസ് സ്റ്റേഷനുകളിൽ സിഐമാരെ എസ്എച്ച്ഒമാരായി നിയമിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. പിന്നീട്, പേരിനു മാത്രം പൊലീസ് സ്റ്റേഷനുകളിലും സിഐമാരെ എസ്.എച്ച്.ഒ മാരാക്കി. പക്ഷേ, പതിമൂന്ന് വർഷത്തിലേറെക്കാലം സർവീസ് പൂർത്തിയാക്കി, അർഹമായ പ്രമോഷൻ കാത്തിരിക്കുന്ന എസ്.ഐമാരെ സി.ഐ റാങ്കിൽ എസ്.എച്ച്.ഒ മാരായി നിയമിക്കാനുള്ള പദ്ധതി ഇനിയും നടപ്പാക്കിയില്ല. ഇതോടെ സംസ്ഥാന പൊലീസ് ഭരണം കുത്തഴിഞ്ഞ അവസ്ഥയിലായി. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിക്കാനിരുന്ന പദ്ധതി പക്ഷേ, ആരംഭിച്ചത് 2018 ജനുവരി ഒന്നിന്. സംസ്ഥാന ആഭ്യന്തര വകുപ്പ് എസ്.ഐമാരെ സ്റ്റേഷൻ ഓഫിസറാക്കി ഉത്തരവും പുറത്തിറക്കി. 196 സ്റ്റേഷനുകളിൽ സിഐമാർ സ്റ്റേഷൻ ഭരണം നടത്തുമെന്നായിരുന്നു ഉത്തരവ്. ഇത് അനുസരിച്ചു സിഐമാർ സ്റ്റേഷൻ ഭരണം ഏറ്റെടുക്കുകയും ചെയ്തു. ബാക്കിയുള്ള സ്റ്റേഷനുകളിൽ ഡി.വൈ.എസ്.പി മാരുടെ നിയന്ത്രണത്തിൽ എസ്.ഐ മാർ ഭരണം നടത്തുമെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ ഉത്തരവ്. എന്നാൽ, സ്‌റ്റേഷൻ ഭരണം സിഐമാർക്ക് കൈമാറിയതോടെ, നേരത്തെ സിഐമാരുടെ മേൽനോട്ടത്തിലിരുന്ന സ്‌റ്റേഷനുകളിൽ നാഥനില്ലാത്ത അവസ്ഥയായി. ഇതോടെ സംസ്ഥാന പൊലീസിന്റെ ഭരണത്തിലും പാളിച്ചകളുണ്ടായി. മൂതിർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടമില്ലാതെ സ്‌റ്റേഷനിലെ ദൈനംദിന നടപടിക്രമങ്ങൾ ആകെ താളം തെറ്റി. ഇതിനിടെയാണ് വാരാപ്പുഴ പൊലീസ് സ്റ്റേഷനിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണവും, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ വീഴ്ച മൂലം കെവിൻ കൊല്ലപ്പെടുകയും ചെയ്തത്. രണ്ടു സ്റ്റേഷനുകളിലും ജൂനിയറായ എസ്‌ഐമാർ മാത്രം സ്റ്റേഷൻ ഭരണം നടത്തുന്ന സ്ഥലങ്ങളിലായിരുന്നു. പിന്നീട് സംസ്ഥാന പൊലീസ് മേധാവി നടത്തിയ ഇടപെടലിലൂടെ ബാക്കിയുള്ള സ്റ്റേഷനുകളിൽ നിയന്ത്രണം കൊണ്ടു വന്നെങ്കിലും ഇപ്പോഴും സിഐമാരെ പൂർണമായും എല്ലാ സ്റ്റേഷന്റെയും ഭരണം ഏൽപ്പിച്ചിട്ടില്ല.
ഓാരോ സിഐക്കു കീഴിലും കുറഞ്ഞത് മൂന്ന് എസ്ഐ മാരുണ്ടാകും. ക്രമസമാധാനം, കുറ്റാന്വേഷണം, ട്രാഫിക് എന്നിങ്ങനെ എസ്ഐമാർക്ക് ചുമതല വീതിച്ച് നല്കും. കേസുകളുടെ ബാഹുല്യവും ക്രമസമാധന നിയന്ത്രണവും കൂടിയാകുമ്പോൾ പലപ്പോഴും എസ്ഐമാർക്ക് വേണ്ടത്ര ജാഗ്രത കാണിക്കാൻ കഴിയാറില്ല. ഈ നിഗമനത്തിലാണ് ജസ്റ്റിസ് രാമചന്ദ്രനായർ ശമ്പള കമ്മീഷൻ, സ്റ്റേഷന്റെ ചുമതല സിഐമാർക്ക് നല്കണമെന്ന ശുപാർശ ചെയ്തത്. ആകെയുളള 471 സ്റ്റേഷനുകളിൽ 357 എണ്ണത്തിൽ എസ്ഐ തസ്തികയിലുളള രണ്ടോ അതിലധികമോ ഉദ്യോഗസ്ഥരുണ്ട്. അവരിൽ തന്നെ 302 പേർ സിഐമാർക്ക് തുല്യമോ അതിന് മുകളിലോ ശമ്പളമുളളവരാണ്. അതിനാൽ അധിക സാമ്പത്തികബാധ്യതയില്ലാതെ അവർക്ക് ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ നല്കാൻ കഴിയുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ തീരുമാനം. എന്നാൽ, ഇത് നടപ്പായില്ല. നിലവിൽ സംസ്ഥാനത്ത് എസ്.ഐമാർ ഭരണം നടത്തുന്ന പകുതിയിലേറെ സ്റ്റേഷനുകളിലും 13 വർഷം വരെ സർവ്വീസുള്ള എസ്.ഐമാരാണ്. എസ്.ഐ മാരെ സി.ഐമാരാക്കുമ്പോൾ ഏതെങ്കിലും വിധത്തിലുള്ള, അധികബാധ്യത സർക്കാരിനു വരികയാണെങ്കിൽ വർഷത്തിൽ നൂറിൽ താഴെ ക്രൈം കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുന്ന സ്‌റ്റേഷനുകളിൽ ജൂനിയർ ആയ എസ്.ഐമാരെ എസ്.എച്ച്.ഒ മാരാക്കി ബാക്കിയുള്ളവർക്ക് പ്രമോഷൻ നൽകി സി.ഐ റാങ്കിലുള്ള എസ്.എച്ച്.ഒ മാരാക്കാവുന്നതാണ്. പക്ഷേ, ഇവരിൽ ഒരാളെ പോലും സിഐ തസ്തികയിലേയ്ക്ക് ഉയർത്തിയിട്ടില്ല. നിലവിൽ സിഐ ഗ്രേഡ് ഉള്ള ഇവരെല്ലാം വാങ്ങുന്നത് സിഐയ്ക്കു തുല്യമായ ശമ്പളമാണ് താനും. ഇവരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി നിയമിക്കുന്നതിനു കാര്യമായ സാമ്പത്തിക ബാധ്യതകളോ മറ്റു നൂലാമാലകളോ സർക്കാരിനില്ല. പക്ഷേ, ചുവപ്പുനാടയുടെ കുരുക്കിൽ കുടുങ്ങി ഈ തീരുമാനം അനന്തമായി നീളുകളാണ്. ഇതോടെ ജോലിഭാരം വർദ്ധിച്ച പൊലീസുകാർ അസംതൃപ്തരായി മാറും. ഇത് ബാധിക്കുന്നത് പൊതുജനത്തെയും.