കെവിൻ കേസ്: പ്രതികൾക്ക് കുരുക്ക് മുറുകുന്നു; നിർണ്ണായകമായി അനീഷിന്റെ അയൽവാസിയുടെ മൊഴി

കെവിൻ കേസ്: പ്രതികൾക്ക് കുരുക്ക് മുറുകുന്നു; നിർണ്ണായകമായി അനീഷിന്റെ അയൽവാസിയുടെ മൊഴി

സ്വന്തം ലേഖകൻ
കോട്ടയം: മാരകായുധങ്ങളുമായി എത്തിയ സംഘം, ആയുധം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി അനീഷിന്റെ അയൽവാസിയുടെ മൊഴി. അനീഷിന്റെ മാന്നാനത്തെ വീടിനു സമീപത്ത് താമസിക്കുന്ന പി.സി ജോസഫ് എന്നയാളാണ് കെവിൻ കേസിലെ പ്രതികൾക്കെതിരെ നിർണ്ണായകമായ സാക്ഷിമൊഴി കോടതിയിൽ രേഖപ്പെടുത്തിയത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി.ജയചന്ദ്രൻ മുമ്പാകെ നടന്ന വിചാരണയിലാണ് സാക്ഷി നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കേസിൽ പ്രതികൾക്കെതിരായ ശക്തമായ തെളിവായി ഈ സാക്ഷിമൊഴി മാറിയേക്കും.

കെവിന്റെ വീടിനു സമീപത്തായാണ് ജോസഫിന്റെ വീട്. അർധരാത്രിയിൽ വീടിനു പുറത്ത് വാഹനങ്ങൾ വന്നു നിർത്തുന്ന ശബ്ദവും, ബഹളവും കേട്ടാണ് ജോസഫ് വാതിൽ തുറന്നത്. ഈ സമയം അനീഷിനെയും കെവിനെയും കയ്യിൽ വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി അക്രമി സംഘം വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ടുവെന്നാണ് ജോസഫിന്റെ മൊഴി. ആയുധങ്ങളുമായി പ്രതികൾ ഭീകരാന്തരീഷം സൃഷ്ടിച്ച സാഹചര്യത്തിലാണ് തങ്ങൾ വീടിനുള്ളിൽ നിന്നും പുറത്തിരുങ്ങാതിരുന്നതെന്നും ജോസഫ് പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് പ്രതികൾ താമസിച്ചിരുന്ന ഗാന്ധിനഗറിലെ കേരള ടൂറിസ്റ്റ് ഹോം മാനേജർ അനിൽകുമാറിനെയും ശനിയാഴ്ച കോടതിയിൽ വിസ്തരിച്ചു. കേസിലെ ഏറെ പ്രധാനപ്പെട്ട എട്ടു സാക്ഷികളെ അനിൽകുമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടു പേരും സംഭവത്തിനു മുൻപ് ടൂറിസ്റ്റ്‌ഹോമിൽ താമസിച്ചിരുന്നവരാണ്. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, മൂന്നാം പ്രതി ഇഷാൻ ഇസ്മയിൽ, നാലാം പ്രതി റിയാസ്, ഏഴാം പ്രതി ഷിഫിൻ സജാദ്, പതിനൊന്നാം പ്രതി ഫസൽ ഷെറീഫ്, പതിമൂന്നാം പ്രതി ഷിനു , പതിനാലാം പ്രതി റെമീഷ് എന്നിവരെയാണ് അനിൽകുമാർ തിരിച്ചറിഞ്ഞത്.