play-sharp-fill
കെവിൻ കേസിൽ പ്രതികൾ ഗുണ്ടകളായി: സാക്ഷിയ്ക്ക് മർദനം; തിങ്കളാഴ്ച വിചാരണ ആരംഭിച്ചു

കെവിൻ കേസിൽ പ്രതികൾ ഗുണ്ടകളായി: സാക്ഷിയ്ക്ക് മർദനം; തിങ്കളാഴ്ച വിചാരണ ആരംഭിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ കേസിന്റെ വിചാരണ നടപടികൾ അതിവേഗം പുരോഗമിക്കുന്നതിനിടെ സാക്ഷിയ്ക്ക് പ്രതികളുടെ മർദനം. കെവിൻ കേസിലെ 37 -ാം സാക്ഷിയായ രാജേഷിനെ കേസിൽ നിലവിൽ ജാമ്യത്തിൽകഴിയുന്ന പ്രതികളാണ് മർദിച്ചത്. കേസിന്റെ രണ്ടാം ഘട്ട വിചാരണ തിങ്കളാഴ്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്നതിനിടെയാണ് സാക്ഷിയ്ക്ക് മർദനമേറ്റത്.
കേസിലെ സാക്ഷിയായ രാജേഷ് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ഇപ്പോൾ മർദനമേറ്റിരിക്കുന്നത്. രാജേഷിന്റെ മൊഴി കേസിൽ നിർണ്ണായകമാണ്. ഇതിനിടെയാണ് ഇപ്പോൾ രാജേഷിനെ പ്രതികൾ സംഘം ചേർന്ന് മർദിച്ചിരിക്കുന്നത്. രാജേഷിന്റെ വീട്ടിലെത്തിയ പ്രതികൾ നീ സാക്ഷി പറയുമോ എന്ന് ചോദിച്ച് വിളിച്ചിറക്കി മർദിക്കുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. കേസിൽ മൊഴി നൽകുന്നതിനായി പുനലൂരിൽ നിന്നും കോട്ടയത്തേയ്ക്ക് പോരുന്നതിനിടയിലും പ്രതികൾ മർദിച്ചതായും മൊഴിയുണ്ട്. വിചാരണ ആരംഭിച്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സാക്ഷി മർദനത്തിന്റെ വിവരം തുറന്നു പറഞ്ഞത്. തുടർന്ന് പുനലൂർ പൊലീസിൽ ഇയാൾ പരാതി നൽകി. പരാതിയുട അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
നിലവിൽ ജാമ്യത്തിൽ നിൽക്കുന്ന ആറാം പ്രതി ഷിനു, പതിമൂന്നാം പ്രതി മനു എന്നിവർക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇരുവരും ചേർന്ന് മർദിച്ചതായാണ് മൊഴി. കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടു പോയതായി കേസിലെ പതിനൊന്നാം പ്രതിയായ ഫസൽ തന്നോടു പറഞ്ഞുവെന്നായിരുന്നു സാക്ഷിയായ രാജേഷിന്റെ മൊഴി. പ്രിൻസിപ്പൽ സെഷൻസ കോടതിയിൽ വിചാരണയിലാണ് രാജേഷ് വിവരങ്ങൾ പറഞ്ഞത്.