വരള്‍ച്ച രൂക്ഷം: കാട്ടുതീയില്‍ സംസ്ഥാനത്ത് ഭാഗീകമായി കത്തിനശിച്ചത് 410 ഏക്കര്‍ വനഭൂമി
സ്വന്തം ലേഖകന്‍
പത്തനംതിട്ട:സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസത്തിനിടെ കാട്ടുതീയില്‍ പൂര്‍ണമായി കത്തിനശിച്ചത് 410 ഏക്കര്‍ വനഭൂമി. ഭാഗികമായി കത്തിയ വനഭൂമിയുടെ വിസ്തീര്‍ണംകൂടി കണക്കാക്കിയാല്‍ നഷ്ടം ഇതിലുമേറുമെന്നാണ് വനംവകുപ്പിന്റെ കണക്ക്. പ്രളയത്തിനിടെ വനങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജലാശയങ്ങളില്‍ മണ്ണുമൂടി ഒഴുക്കുനിലച്ചതും ഉറവകള്‍ വറ്റിയതുമാണ് തീ ഇത്രയധികം വ്യാപിക്കുന്നതിന് കാരണമായതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
കാട്ടുതീയില്‍ കൂടുതല്‍ നഷ്ടം മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലാണ്. 180 ഏക്കറിലധികം ഭൂമിയിലാണ് ഇവിടെ കാട്ടുതീ പടര്‍ന്നത്. ഇതില്‍ത്തന്നെ അഗളി, അട്ടപ്പാടി റെയ്ഞ്ചുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് നഷ്ടമേറെയും. ഇവിടെയുള്ള പുല്‍മേടുകള്‍, വരണ്ട ഇലപൊഴിയും കാടുകള്‍, മുള്‍ക്കാടുകള്‍ എന്നിവയെയാണ് തീപ്പിടിത്തം അധികവും ബാധിച്ചത്. വയനാടന്‍ കാടുകളിലും തീപ്പിടിത്തം വ്യാപകമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തുവര്‍ഷത്തിനിടെ കാട്ടുതീ ഇത്രയധികം വ്യാപകമാകുന്നത് ഇതാദ്യമാണ്. വരള്‍ച്ച രൂക്ഷമായ 2016-ല്‍ വിവിധ ഭാഗങ്ങളിലുണ്ടായ തീപ്പിടിത്തത്തില്‍ 150 ഏക്കര്‍ വനമാണ് കത്തിനശിച്ചത്. 2017-ല്‍ ഇത് 138 ഏക്കറിലായി കുറഞ്ഞു. വരുംദിവസങ്ങളില്‍ ചൂടുകൂടിയാല്‍ തീപ്പിടിത്തം കൂടുതല്‍ ഭാഗങ്ങളില്‍ വ്യാപിക്കാനുള്ള സാധ്യതയേറെയാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഔദ്യോഗികകണക്കുപ്രകാരം പ്രളയത്തിനിടെ സംസ്ഥാനത്തെ വനങ്ങളിലുണ്ടായത് 150 ഉരുള്‍പൊട്ടലാണ്. കഴിഞ്ഞ ഓഗസ്റ്റ് 12-നും 14-നും ഇടയില്‍മാത്രം 90-നടുത്ത് ഉരുള്‍പൊട്ടലുകള്‍ ഉള്‍വനങ്ങളിലുണ്ടായി.
ഇതോടെ പാറയും മണ്ണും അടര്‍ന്നുമാറി പലയിടത്തും ഉറവകള്‍ മൂടി. അരുവികളില്‍ മണ്ണടിഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. ഇതിനുപുറമേ വേനലില്‍ ചൂട് കനത്തതോടെ അവശേഷിച്ചിരുന്ന ജലസ്രോതസ്സുകളും വറ്റി. ഇത് കാട്ടുതീയുടെ വ്യാപ്തി ഇരട്ടിയാക്കി. കാട്ടുതീയില്‍ ജൈവസമ്പത്തിനുണ്ടായ നാശം ഇനിയും വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല.
കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ വനത്തിലെ ജലസാന്നിധ്യം വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി ഇതുവരെ വിവിധ ഭാഗങ്ങളില്‍ 350 ചെറുജലസംഭരണികള്‍ നിര്‍മിച്ചു. കാട്ടുതീ ഉണ്ടായാല്‍ വേഗത്തില്‍ വിവരമറിയുന്നതിനും സ്ഥലത്തെത്തി തീയണയ്ക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്.