
ഡല്‍ഹി: നിയമസഭയിലേക്ക് ഉജ്വല വിജയം നേടിയ കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം എംഎല്‍എമാര്‍ക്ക് വിട്ടുനല്‍കാന്‍ ഹൈക്കമാന്റ് തലത്തില്‍ ധാരണ ആയതായി സൂചന.
ഇതിനായി നാളെയോ മറ്റന്നാളോ നിയമസഭ യോഗം ചേരാനാണ് സാധ്യത.
ഇതിനുമുന്നോടിയായി എഐസിസി സംഘം എംഎല്‍എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ട് എഐസിസി അദ്ധ്യക്ഷന്‍ റിപ്പോര്‍ട്ട് കൈമാറും. ഘടകകക്ഷികളുടെ അഭിപ്രായവും തേടും. എന്നാല്‍ എംഎല്‍എമാരുടെ അഭിപ്രായത്തിനുതന്നെയാണ് മുന്‍ഗണന.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മുതിര്‍ന്ന നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ രമേശ് ചെന്നിത്തല, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക.
യുഡിഎഫിനെ ഉജ്ജല വിജയത്തിലേക്ക് നയിക്കുകയും അവര്‍ക്ക് ആത്മവിശ്വാസം പകരുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവിക അവകാശവാദം ഉന്നയിക്കാം. എന്നാല്‍ മുതിര്‍ന്ന നേതാക്കളും പ്രമുഖ ഘടകകക്ഷികളും ഉള്ള കേരളത്തില്‍ കുറച്ചുകൂടി മുതിര്‍ന്ന നേതാവ് നയിക്കട്ടെ എന്ന് അവകാശവാദം ഉയര്‍ന്നേക്കാം.
രമേശ് ചെന്നിത്തല, കെ മുരളീധരന് , തിരുവഞ്ചൂര്‍ രാധാകൃഷ്ണന് , സണ്ണി ജോസഫ് പോലുള്ള മുതിര്‍ന്ന നേതാക്കള്‍ സഭയിലുള്ളപ്പോള്‍ അവര്‍ക്കുകൂടി സ്വീകാര്യനായ നേതാവ് വരണം എന്ന വാദം പ്രസക്തമായേക്കാം. അങ്ങനെ വന്നാല്‍ രമേശ് ചെന്നിത്തല , കെ സി വേണുഗോപാല്‍ എന്നിവര്‍ക്കാണ് പിന്നെ പരിഗണന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉജ്വല പ്രവര്‍ത്തനം കാഴ്ചവച്ച നേതാവാണ് ചെന്നിത്തല. 4 മന്ത്രിമാരെ രാജി വയ്പ്പിക്കുകയും അര ഡസന്‍ സുപ്രധാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ പിന്‍വലിപ്പിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല. സീനിയര്‍ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തുക എളുപ്പമല്ല . മുഖ്യമന്ത്രി പദവി നല്‍കിയില്ലെങ്കില്‍ മന്ത്രിസഭയിലെ ഉന്നത പദവിയില്‍തന്നെ അദ്ദേഹത്തെ നിയോഗിക്കേണ്ടി വരും.
എന്നാല്‍ കെ പി സിസി യില്‍ ഭൂരിപക്ഷവും കെ സി വേണുഗോപാലിനെപോലെ ഒരു ഉന്നത നേതാവ് തന്നെ മുഖ്യമന്ത്രിയായി വരണം എന്ന നിലപാട് സ്വീകരിക്കാനാണ് സാധ്യത. ഈ തെരെഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ വന്‍ വിജയത്തിലേയ്ക്ക് നയിച്ച ‘ഇന്ദിരാ ഗ്യാരന്റി’ ഉള്‍പ്പെടെയുള്ള നിര്‍ണായക ഇടപെടലുകളെല്ലാം കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു.
ഭരണക്കൊഴുപ്പില് ബിജെപിയും സിപിഎമ്മുമെല്ലാം പണം ഒഴുക്കിയപ്പോള്‍, 10 വര്‍ഷം ഭരണത്തിനു പുറത്തുനിന്ന കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും സ്ഥാനാര്‍ഥികള്‍ക്ക് പെട്ടി നിറയെ പണം സമാഹരിച്ചു നല്‍കിയത് വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു.
മാത്രമല്ല ചെന്നിത്തല, വി ഡി സതീശന് , തിരുവഞ്ചൂര്‍ , സണ്ണി ജോസഫ് എന്നിവരൊക്കെ അംഗങ്ങളായുള്ള നിയമസഭാ കക്ഷിയില്‍ എല്ലാവരെയും തന്മയത്വത്തോടെ നയിക്കാന്‍ കെല്‍പ്പുള്ള മുതിര്‍ന്ന നേതാവെന്ന പരിഗണനയും കെസിയ്ക്ക് ലഭിക്കും .
രാജ്യത്തെ നിരവധി മുഖ്യമന്ത്രിമാരുമായും നിരവധി കേന്ദ്ര മന്ത്രിമാരുമായും ഒന്നിച്ച് പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് കേരളത്തിലെ താറുമാറായ സര്‍ക്കാര്‍ സംവിധാനത്തെ മുന്നോട്ടു നയിക്കാന്‍ കെസിക്ക് തുണയാകും.
സംസ്ഥാന, കേന്ദ്ര മന്ത്രിസഭകളില്‍ അംഗമായിരുന്ന അനുഭവസമ്പത്തും ഉണ്ട് . എന്നാല്‍ ഇതിനൊക്കെ അപ്പുറത്താണ് എംഎല്‍എമാരുടെ പിന്തുണ. അതില്ലെങ്കില്‍ മറ്റെന്ത് ഉണ്ടെങ്കിലും കാര്യവുമില്ല.
നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷമുള്ളവര്‍ മുഖ്യമന്ത്രിയാകും എന്നതില്‍ സംശയമില്ല. അതിനപ്പുറമുള്ള കടുംപിടുത്തങ്ങള്‍ക്ക് ഒന്നും നിലവിലെ യുഡിഎഫ് രാഷ്ട്രീയത്തില്‍ യാതൊരു പ്രസക്തിയുമില്ല. അത്തരക്കാര്‍ മുഖ്യധാരയില്‍ നിന്നും പിന്തള്ളപ്പെടുകയാകും ചെയ്യുക







