കേരളത്തിൽ കൊറോണ ബാധിച്ച് ആദ്യ മരണം: മരിച്ചത് കൊച്ചി ചുള്ളിക്കൽ സ്വദേശി; മരിച്ചത് ദുബായിയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണ ബാധ റിപ്പോർട്ട് ചെയ്ത് രണ്ടു മാസം പൂർത്തിയാകുന്നതിനിടെ കേരളത്തിൽ ആദ്യ മരണം. ദുബായിൽ നിന്നെത്തിയ കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് ശനിയാഴ്ച മരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം രണ്ടാഴ്ചയിലേറെയായി നിരീക്ഷണത്തിൽ കഴിയുകയിയരുന്നു. ന്യൂമോണിയയും, ഹൃദയാഘാതവും, ശ്വാസതടസവുമാണ് ഇദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ബൈപ്പാസ് സർജറി കഴിഞ്ഞ വ്യക്തിയായിരുന്നു ഈ 69 കാരൻ എന്നും കണ്ടെത്തിയിട്ടുണ്ട്.
മട്ടാഞ്ചേരി ചു്ള്ളിക്കൽ സ്വദേശിയായ ഇദ്ദേഹത്തെ മാർച്ച് 22 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 21 നാണ് ഇദ്ദേഹം ദുബായിയിൽ നിന്നും നാട്ടിലെത്തിയത്. തുടർന്നു വിമാനത്താവളത്തിൽ നിന്നും നേരിട്ട് വീട്ടിലേയ്ക്കു പോകുകയായിരുന്നു. ടാക്‌സിയിലായിരുന്നു ഇയാൾ വീട്ടിലേയ്ക്കു യാത്ര ചെയ്തിരുന്നത്. തുടർന്ന് രോഗ ലക്ഷണങ്ങൾ കണ്ടതോടെ ഇദ്ദേഹം നേരെ ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു ദിവസമായി ഇദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. മരുന്നുകളോട് ഇദ്ദേഹം പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ശനിയാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് പൗരന് ചികിത്സ നൽകിയിരുന്നു. എയ്ഡ്‌സിനുള്ള മരുന്ന് നൽകിയതോടെ ഇദ്ദേഹത്തിന്റെ രോഗം ഭേദമായിരുന്നു. എന്നാൽ, ഈ മരുന്നു നൽകാനുള്ള നീക്കവും വിജയിച്ചില്ല.
ഇദ്ദേഹത്തെ വിമാനത്തിൽ നിന്നും വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീട്ടിലെ മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയും കുടുംബാംഗങ്ങൾക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹവുമായി അടുത്ത് ഇടപെഴകിയ 69 പേർക്കും കൊറോണ സംശയിച്ച് ഐസൊലേഷനിൽ കഴിയുന്നുണ്ട്. എന്നാൽ, ഇവർക്ക് ആർക്കും തന്നെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടെ ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയിട്ടുണ്ട്. കടുത്ത നിയന്ത്രണത്തോടെയാവും ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക. പത്തിൽ താഴെ ആളുകൾ മാത്രമേ സംസ്‌കാര ചടങ്ങുകൾക്കു പങ്കെടുക്കാവൂ എന്ന നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും കർശന നിയന്ത്രണത്തിലാവും സംസ്‌കാര ചടങ്ങുകൾ നടക്കുക.