അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് അമ്മയുടെ അന്ധവിശ്വാസം: കൊലപാതകം മകളുടെ ദേഹത്ത് കൂടിയ ബാധ ഒഴിപ്പിക്കാൻ; ക്രൂരത നടത്തിയ അമ്മ അറസ്റ്റിലേയ്ക്ക്
തേർഡ് ഐ ക്രൈം
കോഴിക്കോട്: അഞ്ചു വയസുകാരിയെ അമ്മ അതിക്രൂരമായി കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെ തുടർന്നെന്നു റിപ്പോർട്ട്.
കുട്ടിയുടെ ശരീരത്തിലുള്ള ബാധ ഒഴിപ്പിക്കാൻ അമ്മ നടത്തിയ നീക്കങ്ങളാണ് കുട്ടിയെ കൊലയ്ക്കു കൊടുത്തത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ പ്രതിയായ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെയാണ് ഇതു സംബന്ധിച്ചുള്ള ആരോപണം കൂടുതൽ വ്യക്തമായിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് പയ്യാനക്കലിന് സമീപം ചാമുണ്ടി വളപ്പിൽ അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത്.
അഞ്ചു വയസുകാരി ആയിഷ റനയെയാണ് അമ്മ സമീറ കഴുത്ത് ഞെരിച്ച് കൊന്നത്. എന്നാൽ അന്ധവിശ്വാസം കാരണമാണ് സമീറ ആയിഷയെ കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് പുറത്തുവരുന്ന വിവരം.
അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടർന്ന് കേസ് അന്വേഷിക്കുന്ന പന്നിയങ്കര പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയിരുന്നു.
കുതിരവട്ടത്ത് വച്ച് സമീറയെ പരിശോധിച്ച ഡോക്ടർമാരാണ് ഇവർക്ക് യാതൊരു മാനസിക പ്രശ്നങ്ങളുമില്ലെന്നും കടുത്ത അന്ധവിശ്വാസമാണ് കുട്ടിയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്നും കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിനാണ് സംഭവത്തിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായതോടെ കൊലപാതകമടക്കമുളള വകുപ്പുകൾ ചേർത്ത് ഇവർക്കെതിരെ കേസെടുക്കും.
കുഞ്ഞിൻറെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂവാല കൊണ്ടോ നേർത്ത തുണി കൊണ്ടോ കുഞ്ഞിനെ കൊലപ്പെടുത്തിയിരിക്കാം എന്നാണ് വ്യക്തമാക്കുന്നത്.
കുറച്ചു കാലമായി മകളുടെ ദേഹത്ത് ബാധ കയറിയെന്നായിരുന്നു സമീറയുടെ വിശ്വാസം. മതപരമായ പല ചികിത്സകളും പ്രാർത്ഥനകളും നടത്തിയെങ്കിലും മകളുടെ ബാധ മാറിയില്ലെന്ന് കണ്ടതോടെയാണ് കൊലപ്പെടുത്തി ബാധ ഒഴിപ്പിക്കാൻ സമീറ തീരുമാനിച്ചതെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചു.
മകളെ താൻ കൊന്നുവെന്നും അവൾ ദൈവത്തിനടുത്തേക്ക് പോയെന്നും സമീറ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.