അദ്ധ്യാപന നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കും: കേരള കോൺഗ്രസ് (എം) നു വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്‌

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ അദ്ധ്യാപന നിയമനവുമായി ബന്ധപ്പെട്ടു ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കുൾപ്പെടെയുള്ള ആശങ്കകൾ പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കേരള കോൺഗ്രസ് (എം) എം.എൽ.എ മാർക്ക് ഉറപ്പു നൽകി.

പ്രശ്‌നപരിഹാരത്തിന് നിർദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ചിട്ടുള്ള സമിതികൾ രണ്ടാഴ്ചക്കുള്ളിൽ സർക്കാരിന് റിപ്പേർട്ട്‌ നൽകുമെന്നും തുടർന്ന് വേഗത്തിൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് എം.എൽ.എ മാർ ഈ വിഷയം പൊതു വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയത്.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയിൽ ഇടപെടാൻ സംസ്ഥാനത്തിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ മാനേജ്മെന്റുകളുടെ അവകാശങ്ങൾ സംരക്ഷിച്ചും കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരുടെ നിയമനം ഉറപ്പുവരുത്തുകയുമാണ് സർക്കാരിന്റെ ലക്‌ഷ്യം. സർക്കാർ എല്ലാ വിഭാഗം മാനേജ്മെൻറുകളെയും ഒരേപോലെയാണ് കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021-25 കാലഘട്ടത്തിൽ എയ്ഡഡ് മേഖലയിൽ മാത്രം 36318 സ്ഥിര നിയമനകളാണ് സർക്കാർ നടത്തിയത്. 1503 ഭിന്നശേഷിക്കാർക്കും നിയമനം നൽകി. ഇതെല്ലം കാണിക്കുന്നത് പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൽ മാനേജ്മെന്റുകൾക്കൊപ്പമാണ് സർക്കാർ എന്ന് തന്നെയാണ്.

എൻ.എസ്.എസ് സുപ്രീം കോടതിയിൽ നിന്ന് നേടിയ ഇളവുകൾ അവർക്കു മാത്രം ബാധകമാകുകയുള്ളു എന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശം. തുടർന്ന് മറ്റു മാനേജ്മെന്റുകളുടെ ആശങ്കകൾ പരിഹരിക്കാൻ സാധ്യമായ മാർഗങ്ങൾ ഈ സർക്കാർ തേടുകയുണ്ടായി. അതിന്റെ ഭാഗമായാണ് ജില്ലാ – സംസ്ഥാനതല സമിതികൾക്ക് രൂപം നൽകിയിട്ടുള്ളത്. മാനേജ്‌മെന്റുകൾക്ക് തങ്ങളുടെ ആശങ്കകൾ സമിതിക്കു മുൻപാകെ ഇനിയും സമർപ്പിക്കാൻ അവസരമുണ്ടായിരിക്കും.

രണ്ടാഴ്ചക്കുള്ളിൽ ഈ സമിതികൾ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലഭിച്ചാലുടൻ പ്രശ്നപരിഹാരത്തിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കുമെന്നും മന്ത്രി എം.എൽ.എ മാർക്ക് ഉറപ്പ് നൽകി. നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ടു കേരള കോൺഗ്രസ് (എം) മുഖ്യമന്ത്രിയെയും കണ്ടു ചർച്ച നടത്തിയിരുന്നു.