video
play-sharp-fill
ഡി.സി.സിയുടെ പ്രമേയത്തിനു പുല്ലുവില, ജില്ലയിലെ കോൺഗ്രസിനെ വഞ്ചിച്ച് സംസ്ഥാന നേത്യത്വം.

ഡി.സി.സിയുടെ പ്രമേയത്തിനു പുല്ലുവില, ജില്ലയിലെ കോൺഗ്രസിനെ വഞ്ചിച്ച് സംസ്ഥാന നേത്യത്വം.

ശ്രീകുമാർ

കോട്ടയം: കെ.എം മാണിക്കും മകനുമെതിരെ ഡി.സി.സി നേതൃത്വം പാസാക്കിയ പ്രമേയത്തിന്റെ ചൂടാറും മുൻപേയാണ് പാർട്ടി സംസ്ഥാന നേതൃത്വം തന്നെ അപ്രതീക്ഷിത തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്തിന്റെ ഭരണം പോലും നഷ്ടമാക്കുന്ന രീതിയിൽ സി.പി.എമ്മിനൊപ്പം ചേർന്ന് കോൺഗ്രസിനെ വഞ്ചിച്ച കേരള കോൺഗ്രസിനെ ഇനി ജില്ലയിൽ അംഗീകരിക്കില്ലെന്ന നിലപാടാണ് നേതാക്കൾ. പ്രശ്‌നത്തിൽ
ഇടപെടാതിരുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പും ഈ തീരുമാനത്തിനോടു പൂർണ പിൻതുണയില്ലെന്നു തേർഡ് ഐ ന്യൂസിനേട് പറഞ്ഞു. ഇതോടെ കേരള കോൺഗ്രസിന്റെ രാജ്യസഭാ സീറ്റും, മുന്നണി പുനപ്രവേശനവും ജില്ലയിലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറിയുണ്ടാക്കുമെന്നു ഉറപ്പായി.
കോൺഗ്രസിലെ ധാരണ അനുസരിച്ചു ഒരു വർഷം മുൻപ് ജോഷി ഫിലിപ്പ് രാജി വച്ചതോടെയാണ് സി.പി.എം പിൻതുണയോടെ കേരള കോൺഗ്രസ് എം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പിടിച്ചത്. ഇതേ തുടർന്നു ജില്ലയിൽ കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ അകൽച്ച ശക്തമാകുകയും ചെയ്തു. പിന്നീട് നല പല ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും നേർക്കുനേർ പോരാടുകയും ചെയ്തു. ഈ സാഹചര്യം ശക്തമായി തുടരുന്നതിനിടെയാണ് ഇപ്പോൾ കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് വച്ചു നീട്ടി കോൺഗ്രസും, മുസ്ലീം ലീഗും ചേർന്ന് കെ.എം മാണിയെ മുന്നണിയിലേയ്ക്കു ക്ഷണിക്കുന്നത്.
കേരള കോൺഗ്രസ് മുന്നണി വിടുകയും, പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമാകുകയും ചെയ്തതോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി കെ.എം മാണിക്കും മകനുമെതിരെ ഒരു പ്രമേയവും പാസാക്കിയിരുന്നു. മാണിയും മകനുമായി ഇനി ഒരുവിധത്തിലുള്ള കൂട്ടുകെട്ടും വേണ്ടെന്നാണ് അന്ന് പ്രമേയത്തിലൂടെ ഡി.സി.സി പ്രഖ്യാപിച്ചത്. ഈ പ്രമേയം നിലനിൽക്കെയാണ് ഇപ്പോൾ കേരള കോൺഗ്രസ് തിരികെ മുന്നണിയിലേയ്ക്ക് എത്തുന്നത്.

കേരള കോൺഗ്രസിനെ മുന്നണിയുടെ ഭാഗമാക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ നിന്നും ഉയരുന്നത്. കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അജീസ് ബെൻ മാത്യൂസ് പാർട്ടി പരിപാടികളിൽ നിന്നു വിട്ടു നിൽക്കുമെന്നു സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും നിരവധി യുവ നേതാക്കളാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group