തൃക്കൊടിത്താനത്ത് അമ്മയെ കൊലപ്പെടുത്തിയ മകൻ ചിത്രങ്ങൾ വാട്സ്അപ്പ് ഗ്രൂപ്പിലിട്ടു: വീടിനുള്ളിൽ ഉറക്കെ പാട്ടു വച്ച് കാവലിരുന്നത് രണ്ടു മണിക്കൂറിലേറെ ..!
തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകൻ വീടിനുള്ളിൽ അമ്മയുടെ മൃതദേഹത്തിന് കാവലിരുന്നത് രണ്ടു മണിക്കൂറിലേറെ നേരം. മൃതദേഹത്തിന്റെ ചിത്രങ്ങൾ സ്വന്തം ഫോണിൽ പകർത്തിയ മകൻ, ചിത്രം വാട്സ്അപ്പ് ഗ്രൂപ്പുകളിലും അയച്ചു നൽകി. രണ്ടു മണിക്കൂറോളം അമ്മയുടെ മൃതദേഹത്തിനൊപ്പം പാട്ടുകേട്ടാണ് മകൻ ഇരുന്നത്.
തൃക്കൊടിത്താനം അമരയിലെ കുഞ്ഞന്നാമ്മയുടെ (55) കൊലപാതകത്തിൽ മകൻ നിതിനെ (27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ മകൻ അതേ വീട്ടിൽ ഉച്ചത്തിൽ പാട്ടുവക്കുകയും തുടർന്നു കൊലപാതക വിവരം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ നിതിനാണു പാട്ടിന്റെ കാര്യം പറഞ്ഞത്. പിതാവിനെക്കുറിച്ചു നല്ലതു പറഞ്ഞ നിതിന് മാതാവിനെക്കുറിച്ച് പരാതികൾ മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ.
കുടുംബ ബന്ധങ്ങളിലെ തകർച്ചയാണു കൊലപാതകത്തിനു പ്രധാന കാരണമായതെന്ന് ഡിവൈഎസ്പി എസ്.സുരേഷ് കുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. നിതിന്റെ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തിയിരുന്നു. പിതാവിനൊപ്പമായിരുന്നു നിതിനും സഹോദരനും. പിതാവിന്റെ മരണ ശേഷമാണു മക്കൾ അമ്മയ്ക്കൊപ്പമെത്തിയത്. പിന്നീടു മക്കൾ വിദേശത്തു ജോലിക്കു പോയി. അമ്മ സ്വാതന്ത്ര്യം നൽകിയില്ലെന്നും ഉപദ്രവിച്ചതായും പറഞ്ഞു.
ഫെബ്രുവരിയിലാണു നിതിൻ നാട്ടിലെത്തിയത്. വിദേശത്തായിരുന്ന സമയത്തും അമ്മയ്ക്ക് പണം അയച്ച് നൽകുമായിരുന്നു. വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ലെന്നും പുറത്തുനിന്നു വാങ്ങിയാണു കഴിച്ചിരുന്നതെന്നും നിതിൻ പറഞ്ഞു. അടുത്തിടെ 70,000 രൂപ അമ്മ വാങ്ങിയതായും പറഞ്ഞു. സംഭവ ദിവസം മദ്യം വാങ്ങി വീട്ടിൽ എത്തിയതു മുതൽ നിതിനും അമ്മയും തമ്മിൽ ബഹളമായി. വാങ്ങിയ ഭക്ഷണത്തെച്ചൊല്ലിയും തർക്കമുണ്ടായി. തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.