കേരളത്തിലെ നദികൾ മരണശയ്യയിൽ ; ഗുരുതര മാലിന്യഭീഷണിയെന്ന് റിപ്പോർട്ട്
സ്വന്തം ലേഖിക
മട്ടാഞ്ചേരി: കേരളത്തിലെ നദികൾ മരണശയ്യയിലെക്ക് നിളുന്നതിന് കാരണം മാലിന്യങ്ങളെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു. ഇരുമ്പടക്കമുള്ള ഘനലോഹങ്ങളുടെ അപകടകരമായ സാന്നിധ്യം കൊണ്ടു കേരളത്തിലെ നദികൾ ഓരോ ദിവസം പോകും തോറും ഗുരുതര മാലിന്യഭീഷണിയിലെന്നു റിപ്പോർട്ട്.
2014-18 ൽ കേരളത്തിലെ വിവിധ നദികളിൽ നിന്നു ശേഖരിച്ച 7 സാംപിളുകളിലും ഇരുമ്പിന്റെ സാന്നിധ്യം അനുവദനീയതുമായതിലും കൂടുതലുണ്ട്. കുറ്റ്യാടി, മൂവാറ്റുപുഴ, പെരിയാർ, വളപട്ടണം, കബനി എന്നീ നദികളിൽ നിന്നു ശേഖരിച്ച സാംപിളുകളിലാണ് ഇരുമ്പിന്റെ അംശമുള്ളത്. അച്ചൻകോവിൽ, കല്ലട പുഴകളിൽ ലെഡിന്റെ അളവാണ് കൂടുതലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുമ്പിനു പുറമേ, പെരിയാറിൽ നിക്കലിന്റെ അംശവും കൂടുതലാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നിശ്ചയിച്ചിരിക്കുന്ന ശുദ്ധതാ മാനദണ്ഡ പരിധിക്കു പുറത്താണ് ഈ സാംപിളുകൾ. കേന്ദ്ര ജല കമ്മിഷൻ നദികളിലെ ലോഹ വിഷ സാന്നിധ്യത്തെക്കുറിച്ചു തയാറാക്കിയ പഠന റിപ്പോർട്ടിലേതാണു കണ്ടെത്തലുകൾ.
രാജ്യത്തെ 67 നദികളുടെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച സാംപിളുകളിലായിരുന്നു പരിശോധന. ഇതിൽ മൂന്നിൽ രണ്ടു സാംപിളുകളിലും ഒന്നോ അതിലധികമോ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ട്. ആകെ ശേഖരിച്ച 101 സാംപിളുകളിലും ഒന്നിലധികം ലോഹങ്ങളുണ്ടായിരുന്നു. ഇരുമ്പിന്റെ സാന്നിധ്യമാണു മിക്കയിടത്തും പ്രശ്‌നം.
പ്ലാസ്റ്റിക് അടക്കമുള്ള ഖര മാലിന്യങ്ങൾ, കക്കൂസ് മാലിന്യങ്ങൾ, മണൽവാരൽ, അനധികൃത തടയണകളും കൈയേറ്റങ്ങളും തുടങ്ങിയവയാണ് നദികൾ നശിക്കാൻ കാരണം. വിവിധ നദികളിൽ നിന്നു ശേഖരിച്ച 156 സാംപിളുകളിലും ഇരുമ്പിന്റെ അളവ് പരിധിയിൽ കൂടുതലാണ്.
മഴക്കാലത്തും അല്ലാത്തപ്പോഴും ഇവയുടെ അളവിൽ വ്യത്യാസം വരാറുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഘനലോഹങ്ങളടങ്ങിയ നദീജലത്തിന്റെ നിരന്തര ഉപയോഗം ബലക്ഷയത്തിനും നാഡീവ്യൂഹത്തിന്റെ തളർച്ചയ്ക്കും വഴിയൊരുക്കുന്നു.