ആലപ്പുഴ: അഭിമുഖത്തിനായി 4 ജില്ലയിലെ ഉദ്യോഗാർത്ഥികളെ കൂട്ടത്തോടെ തിരുവനന്തപുരത്തേക്കു വിളിച്ച് പിഎസ്‌സി. അഭിമുഖം നടത്തുന്നവരുടെ സൗകര്യത്തിനായാണ് ഉദ്യോഗാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നതെന്നു പരാതി ഉയർന്നിട്ടുണ്ട്.
എൽപി സ്കൂൾ ടീച്ചർ ഉദ്യോഗാർത്ഥികളായ 1,200ലേറെപ്പേരാണ് ദുരിതത്തിലായത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഉദ്യോഗാർത്ഥികളെയാണ് തിരുവനന്തപുരത്തേക്ക് അഭിമുഖത്തിനു വിളിച്ചത്. അടുത്ത മാസം 12 മുതൽ 8 ദിവസം രാവിലെ 9 നാണ് അഭിമുഖം തുടങ്ങുന്നത്.
രാവിലെ 7.30ന് പിഎസ്‌സി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണു നിർദേശം. തലേന്നു തന്നെ പലരും തിരുവനന്തപുരത്ത് എത്തേണ്ടി വരും. ഉദ്യോഗാർത്ഥികൾക്ക് മാത്രമല്ല, ബന്ധപ്പെട്ട ജില്ലകളിലെ പിഎസ്‍സി ഓഫിസ് ജീവനക്കാർക്കും ബുദ്ധിമുട്ടാണ്. ഉദ്യോഗാർത്ഥികളുടെ മുഴുവൻ രേഖകളുമായി അവരും തിരുവനന്തപുരത്തെത്തണം. കൊല്ലത്തുനിന്ന് അറുനൂറോളം പേർ പട്ടികയിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ– 450, പത്തനംതിട്ട – 150, കോട്ടയം– 60 എന്നിങ്ങനെയാണ് ഏകദേശ കണക്ക്. അഭിമുഖം വേഗം പൂർത്തിയാക്കി ജൂൺ ആദ്യം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയാണ് മുഴുവൻ അഭിമുഖവും തിരുവനന്തപുരത്തു നടത്തുന്നത് എന്നാണ് അധികൃതരുടെ വ്യാഖ്യാനം.പിഎസ്‌സി അംഗങ്ങൾ അതതു ജില്ലകളിൽ ചെന്ന് അഭിമുഖം നടത്തിയാൽ ഉദ്യോഗാർത്ഥികളുടെ ദുരിതം ഒഴിവാകും.
എന്നാൽ, തിരുവനന്തപുരത്തിന്റെ സമീപ ജില്ലകളിൽ അഭിമുഖം നടത്താൻ ചില പിഎസ്‌സി അംഗങ്ങൾക്കു താൽപര്യമില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. യാത്രാബത്ത കുറവാണ് എന്നതു കൊണ്ടാണ് ഈ താൽപര്യക്കുറവെന്നും ഉയർന്ന ബത്ത കിട്ടുമെന്നതിനാൽ വിദൂര ജില്ലകളിൽ അഭിമുഖത്തിനു പോകാൻ ആർക്കും തടസ്സമില്ലെന്നുമാണ് ആക്ഷേപം.