
വീട്ടിൽ നിന്നും അഴിച്ചുവിട്ട വളർത്തുനായ റോഡിലിറങ്ങി സ്‌കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ചു ; ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
കണ്ണൂർ: വീട്ടിൽനിന്നും അഴിച്ചുവിട്ട വളർത്തുനായ റോഡിലിറങ്ങി സ്‌കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ചു. യാത്രക്കാരിയുടെ പരാതിയിൽ വളർത്തുനായയുടെ ഉടമസ്ഥനെതിരേ പൊലീസ് കേസെടുത്തു.
പയ്യന്നൂർ കൊക്കാനിശേരിയിലെ ശ്വേത അശോകിനെയാണ് വളർത്തുനായ ആക്രമിച്ചത്. യുവതിയുടെ പരാതിയിൽ കൊക്കാനിശേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജനാർദ്ദനനെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം 12നാണ് സംഭവം നടന്നത്. പരാതിക്കാരിയായ ശ്വേത ഭർത്താവുമൊത്ത് സ്‌കൂട്ടറിൽ പോകവെ അഴിച്ചുവിട്ടിരുന്ന ജനാർദ്ദനന്റെ വളർത്തുനായ ഇവരുടെ സ്‌കൂട്ടറിന് നേരേ ഓടിയെത്തുകയും പരാതിക്കാരിയുടെ വസ്ത്രം കടിച്ചുവലിക്കുകയുമായിരുന്നു. ഇതേ തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.
അപകടത്തിൽ പരാതിക്കാരിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാഹനത്തിൽ കൊണ്ടുപോകുകയായിരുന്ന ലാപ്‌ടോപ്പിന് കേടുപാടുകൾ സംഭവിയ്ക്കുകയും ചെയ്തു.
വളർത്തുമൃഗത്തെ അശ്രദ്ധമായി അഴിച്ചുവിട്ടതിലൂടെ ബോധപൂർവമായ അപകടത്തിന് ഇടയാക്കിയ കുറ്റം ചുമത്തിയാണ് ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.