ചീട്ടുകളി പിടിച്ച് ലക്ഷാധിപതികളായി പൊലീസ് സംഘം ; ചീട്ടുകളി പിടിച്ച നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ സ്വക്വാഡ് അംഗങ്ങൾക്ക് ലഭിക്കുക 9 ലക്ഷം രൂപ
സ്വന്തം ലേഖകൻ
നെടുമ്പാശേരി: ചീട്ടുകളി പിടിച്ച് ലക്ഷാധിപതികളായി നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ചീട്ടുകളി കേസ് പിടിച്ച നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് ഒൻപത് ലക്ഷം രൂപയാണ് പാരിതോഷികമായി ലഭിക്കുക.
2017 ഒക്ടോബോർ 15ന് ആലുവ പെരിയാർ ക്ലബ്ലിൽ നടന്ന ചീട്ടുകളി പിടിച്ചതിനാണ് പാരിതോഷികം ക്ലബ്ബിൽ ലക്ഷങ്ങൾ വെച്ചുള്ള ചീട്ടുകളി നടക്കുന്നതായി എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ക്ലബ്ലിൽ നടത്തിയ റെയ്ഡിൽ 33 പേരെ അറസ്റ്റ് ചെയ്യുകയും 18,06,280 രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ഗെയിമിങ് ആക്ട് പ്രകാരം (വകുപ്പ് 18) പിടിച്ചെടുത്ത പണത്തിന്റെ പകുതി സർക്കാർ ഖജനാവിന് നൽകണം. ബാക്കിയുള്ള പകുതി പണം കേസ് പിടിച്ച പൊലീസ് ഉദ്യോഗസ്ഥർക്കായിരിക്കും ലഭിക്കുക.
നെടുമ്പാശ്ശേരി പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, വൻ ചീട്ടുകളി സംഘത്തെ പിടികൂടിയ അന്വേഷണ സംഘത്തിന് പിടിച്ചെടുത്ത തുകയുടെ അൻപത് ശതമാനം റിവാർഡ് നൽകാൻ ഉത്തരവായിരിക്കുന്നത്.
ഉത്തരവ് പ്രകാരം എറണാകുളം റൂറൽ എസ്പി. ശ്രീ. കെ. കാർത്തിക് പാരിതോഷികം അനുവദിക്കാനും നടപടി സ്വീകരിച്ചു.ചീട്ടുകളി സംഘത്തെ പിടിച്ച സ്‌ക്വാഡിൽ ഉണ്ടായിരുന്ന 23 ഉദ്യോഗസ്ഥർക്കാണ് ഒൻപത് ലക്ഷം രൂപ ലഭിക്കുക.