video
play-sharp-fill

പൊലീസിൻ്റെ നട്ടെല്ലായ മധ്യനിരയ്ക്ക് ശ്വാസംമുട്ടുന്നു; അർഹതപ്പെട്ട സ്ഥാനക്കയറ്റമില്ല, ചവിട്ടും, കുത്തും മാത്രം മിച്ചം; പരസ്യപ്രസ്താവനയുമായി ഡി.വൈ.എസ്.പിമാർ

പൊലീസിൻ്റെ നട്ടെല്ലായ മധ്യനിരയ്ക്ക് ശ്വാസംമുട്ടുന്നു; അർഹതപ്പെട്ട സ്ഥാനക്കയറ്റമില്ല, ചവിട്ടും, കുത്തും മാത്രം മിച്ചം; പരസ്യപ്രസ്താവനയുമായി ഡി.വൈ.എസ്.പിമാർ

Spread the love

ഏ കെ ശ്രീകുമാർ

കോട്ടയം: പൊലിസിൻ്റെ നട്ടെല്ലായ എസ് ഐ മുതൽ സീനിയർ ഡി വൈ എസ് പി വരെയുള്ള മധ്യനിരയ്ക്ക് അർഹതപ്പെട്ട പ്രമോഷൻ നല്കാതെ സർക്കാർ ശ്വാസം മുട്ടിക്കുന്നു. സംസ്ഥാന പൊലീസ് സർവീസിൽ നിന്ന് ഐപിഎസിലേക്ക് നിയമനത്തിന് ശുപാർശ നൽകാത്തതിനെതിരെ പരസ്യ പ്രസ്താവനയുമായി ഡി.വൈ.എസ്.പിമാരുടെ സംഘടന രംഗത്ത്. വകുപ്പുതല പ്രൊമോഷൻ കമ്മറ്റി യോഗം ചേർന്ന് പൊലീസ് സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള പട്ടിക അംഗീകരിക്കാത്തതിനാൽ സംസ്ഥാനത്ത് 50 പൊലീസ് സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് ഞായറാഴ്ച ചേർന്ന് കേരളാ പൊലീസ് സീനിയർ ഓഫീസേഴ്‌സ് സംസ്ഥാന കമ്മറ്റി വ്യക്തമാക്കി.

സംസ്ഥാനത്തെ 52 കൺഫേഡ് ഐപിഎസ് തസ്തികയിൽ 33ഉം ഒഴിഞ്ഞ് കിടപ്പാണ്. മെയ് മാസത്തോടെ 13 കേഡർ തസ്തികയും 4 നോൺ കേഡർ തസ്തികയും ഒഴിയും. സംസ്ഥാന പൊലീസിൽ നിന്നും സ്റ്റേറ്റ് ഡെപ്യൂട്ടേഷനായി 15 പേരെ വീതം സൂപ്രണ്ടുമാരായി നിയമിച്ചത് ഇപ്പോൾ ഒൻപതായി കുറച്ചു. കൺഫേഡ് ഐപിഎസുകാരെ നിയമിക്കുന്ന തസ്തികയിൽ ഡയറക്ട് ഐപിഎസുകാരെ നിയമിക്കുന്നത് മൂലം പ്രൊമോഷൻ തസ്തികകൾ ഇല്ലാതാവുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

37 ഐപിഎസുകാർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നൽകേണ്ടതിൽ 20 പേർക്ക് മാത്രമേ നൽകിയിട്ടുള്ളൂ. 2018 മുതൽ 21 വരെയുള്ള നാല് വർഷത്തെ കൺഫേഡ് ഐപിഎസ് ഒഴിവുകളിലേക്ക് നിയമത്തിന് ശുപാർശ അയക്കാത്തതിനാൽ 11 വർഷം സർവീസുള്ള ഡി.വൈ.എസ്.പിമാർ പോലും സ്ഥാനക്കയറ്റം ലഭിക്കാതെ നിൽക്കുന്നു. നാഷണൽ പോലീസ് കമ്മീഷൻ റിപ്പോർട്ടും സുപ്രീംകോടതി വിധികളും അനുശാസിക്കുന്നത് ഐപിഎസ് 33.5% സംസ്ഥാന പൊലീസിൽ നിന്നുള്ളവരെ പ്രമോട്ട് ചെയ്ത് നിയമിക്കണമെന്നാണ്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി തുടരുന്ന അനീതിയിൽ പൊലീസ് ഉദ്യോഗസ്ഥർ കടുത്ത പ്രതിഷേധത്തിലാണെന്നും കേരളാ പൊലീസ് സീനിയർ പൊലീസ് അസോസിയേഷൻ അറിയിച്ചു.

സീനിയറായ എസ് ഐ മാരിലേയും ഇൻസ്പെക്ടർമാരിലേയും പത്തു ശതമാനം പേർക്ക് രണ്ട് ഇൻക്രിമെൻ്റ് നല്കണമെന്നാണ് ചട്ടമെങ്കിലും വർഷങ്ങളായി കിട്ടാറില്ല.ജോലിക്കിടയിൽ ഉണ്ടാകുന്ന നിസാര കാര്യങ്ങൾക്ക് വരെ പണിഷ്മെൻ്റും നടപടികളും നേരിട്ട് പല ഉദ്യോഗസ്ഥരും പ്രമോഷൻ ലിസ്റ്റിൽ നിന്നും തഴയപ്പെടുന്നു.എന്നാൽ ഐപിഎസുകാർക്ക് കേസും നടപടികളുമൊന്നും പ്രമോഷന് തടസമല്ല.

ഐ പി എസു കാരോടും മറ്റ് ഓഫീസർമാരോടും രണ്ട് നീതിയാണ് സർക്കാർ കാണിക്കുന്നത്. ഡിസംബർ 31 ന് ഡിജിപി ശ്രീലേഖ അടക്കമുള്ളവർ വിരമിച്ചപ്പോൾ ഐ ജി ആയിരുന്ന എസ് ശ്രീജിത്ത്, വിജയ് സാഖറേ അടക്കമുള്ളവർക്ക് അന്ന് തന്നെ എഡിജിപി റാങ്കിലേക്ക് പ്രമോഷൻ നല്കി .എന്നാൽ പോലിസിൽ 25 വർഷത്തിലേറെ ജോലി ചെയ്ത നിരവധി സീനിയർ ഡി വൈ എസ് പി മാർ പ്രമോഷൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതു മൂലം പതിനൊന്ന് വർഷമായി സി ഐ റാങ്കിൽ ജോലി ചെയ്യുന്ന സീനിയർ ഇൻസ്പക്ടർമാരും പ്രമോഷൻ കിട്ടാതെ വലയുകയാണ്. മറ്റ് ഡിപ്പാർട്ട്മെൻറുകളിൽ കൃത്യമായ പ്രമോഷൻ നല്കുമ്പോഴാണ് സർക്കാരിൻ്റെ മുഖം മിനുക്കേണ്ട ഉത്തരവാദിത്വം കൂടിയുള്ള മധ്യനിരയോട് ഈ വിവേചനം. അർഹതപ്പെട്ട ഐ പി എസ് ലഭിക്കാതെ സർവീസിൽ നിന്ന് പടിയിറങ്ങുന്ന മികച്ച ട്രാക്ക് റെക്കോർഡുള്ള ഡിവൈഎസ്പിമാർ നിരവധിയാണ്.

സർക്കാരിൻ്റെയും ജനങ്ങളുടേയും ഇടയിൽ കണ്ണാടി പോലെ പ്രവർത്തിക്കുന്നവരാണ് മധ്യനിരയിലുള്ള പൊലിസ്. സർക്കാർ എറിഞ്ഞാലും ജനം എറിഞ്ഞാലും പൊട്ടുന്നത് ഈ കണ്ണാടിയാണ്. മേലാളന്മാരൊക്കെ വിദഗ്ധമായി രക്ഷപെടുകയും ചെയ്യും

Tags :