മൊബൈൽ ഫോണിലും ഇന്റർനെറ്റിലും ‘കുടുങ്ങിയ’ 385 കുട്ടികളുടെ രക്ഷകനായി പൊലീസിന്റെ ‘ഡി ഡാഡ്‌’ ; സഹായം തേടിയെത്തിയത്‌ 613 കുട്ടികൾ

മൊബൈൽ ഫോണിലും ഇന്റർനെറ്റിലും ‘കുടുങ്ങിയ’ 385 കുട്ടികളുടെ രക്ഷകനായി പൊലീസിന്റെ ‘ഡി ഡാഡ്‌’ ; സഹായം തേടിയെത്തിയത്‌ 613 കുട്ടികൾ

സ്വന്തം ലേഖകൻ

മൊബൈൽ ഫോണിലും ഇന്റർനെറ്റിലും ‘കുടുങ്ങിയ’ 385 കുട്ടികൾക്ക്‌ രക്ഷകനായി പൊലീസിന്റെ ‘ഡി ഡാഡ്‌’. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും അമിത ഉപയോഗം, അതേത്തുടർന്നുള്ള അപകടങ്ങൾ എന്നിവയിൽനിന്ന്‌ കുട്ടികളെ രക്ഷിക്കാൻ സോഷ്യൽ പൊലീസിങ്‌ ഡിവിഷനുകീഴിൽ പ്രവർത്തിക്കുന്നതാണ്‌ ഡിജിറ്റൽ ഡി അഡിക്‌ഷൻ സെന്ററുകൾ (ഡി ഡാഡ്‌).

നിലവിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ, കൊച്ചി, കോഴിക്കോട്‌, കണ്ണൂർ ജില്ലകളിലാണ്‌ ‘ഡി ഡാഡ്‌’ ഉള്ളത്‌. ജൂലൈ ഒമ്പതുവരെയുള്ള കണക്കനുസരിച്ച്‌ 613 കുട്ടികളാണ്‌ ‘ഡി ഡാഡി’ന്റെ സഹായം തേടിയെത്തിയത്‌. ഇതിൽ 385 കുട്ടികളെ ഡിജിറ്റൽ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചു. ബ്ലുവെയിൽപോലെ ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾ, കുട്ടികളെ ഉന്നമിട്ടുള്ള വിവിധ തരത്തിലുള്ള റാക്കറ്റുകൾ എന്നിവയിൽനിന്നടക്കമായിരുന്നു മോചനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈക്കോളജിസ്‌റ്റ്‌, കോ–ഓർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ്‌ സെന്റർ പ്രവർത്തിക്കുന്നത്‌. പിന്തുണ നൽകാൻ പൊലീസ്‌ കോ–ഓർഡിനേറ്ററുമുണ്ട്‌. എഎസ്‌പിയാണ്‌ നോഡൽ ഓഫീസർ. മനഃശാസ്‌ത്രവിദഗ്‌ധർ തയ്യാറാക്കിയ ഇന്റർനെറ്റ്‌ അഡിക്‌ഷൻ ടെസ്‌റ്റ്‌ വഴിയാണ്‌ ഡിജിറ്റൽ അടിമത്തത്തിന്റെ തോത്‌ കണ്ടെത്തുക.

സ്‌മാർട്ട്‌ഫോൺ അഡിക്‌ഷൻ ടെസ്‌റ്റുമുണ്ട്‌. തുടർന്ന്‌ കുട്ടികളെ ഇതിൽനിന്ന്‌ മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്‌, മാർഗനിർദേശങ്ങൾ എന്നിവ നൽകും. കുട്ടി സുരക്ഷിതനായെന്ന്‌ ഉറപ്പിക്കുന്നതുവരെ ‘ഡി ഡാഡ്‌’ ഒപ്പമുണ്ടാകും. രക്ഷിതാക്കൾ, അധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക്‌ ‘ഡി ഡാഡ്‌’ അവബോധവും പകരുന്നു.