play-sharp-fill
എന്തിനാടാ ഇവിടെ നിൽക്കുന്നത്, നിനക്ക് മാസ്‌ക് ധരിച്ചു നിന്നുകൂടെ…; വീടിന് മുന്നിൽവച്ച് വാഹനം കഴുകുമ്പോൾ പ്രൊബേഷനറി എസ്.ഐയ്ക്ക് ബാലരാമപുരം എസ്.ഐയുടെ വക അസഭ്യവർഷവും മർദ്ദനവും

എന്തിനാടാ ഇവിടെ നിൽക്കുന്നത്, നിനക്ക് മാസ്‌ക് ധരിച്ചു നിന്നുകൂടെ…; വീടിന് മുന്നിൽവച്ച് വാഹനം കഴുകുമ്പോൾ പ്രൊബേഷനറി എസ്.ഐയ്ക്ക് ബാലരാമപുരം എസ്.ഐയുടെ വക അസഭ്യവർഷവും മർദ്ദനവും

സ്വന്തം ലേഖകൻ

ബാലരാമപുരം: കൊറോണ രോഗബാധയയുടെ പശ്ചാത്തലത്തിൽ പ്രതിരോധ ജോലി കഴിഞ്ഞ് നാട്ടിലെത്തി, വീടിനു മുന്നിൽവച്ച് വാഹനം കഴുകുമ്പോൾ പ്രൊബേഷനറി എസ്.ഐ.യെ ബാലരാമപുരം എസ്.ഐയും പോലീസുകാരനും ചേർന്നു മർദിച്ചതായി പരാതി. കായംകുളം കരീലക്കുളങ്ങര സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ ബാലരാമപുരം കാവിൻപുറം വലിയവിള വീട്ടിൽ ജെ.യു ജിനുവിനാണ് മർദ്ദനമേറ്റത്.

മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ചാണ് മർദ്ദിച്ചതെന്നാണ് ജിനു പറയുന്നത്. വ്യാഴാഴ്ച വൈകീട്ട് വീടിനു മുന്നിൽവച്ച് ബൈക്ക് കഴുകുമ്പോഴാണ് സംഭവം. ജിനു ഡ്യൂട്ടി കഴിഞ്ഞ് യാത്രാ പാസുമായി ബുധനാഴ്ച രാത്രിയിലാണ് വീട്ടിലെത്തിയത്.മകനു സുഖമില്ലാത്തതിനാൽ അനുവാദം വാങ്ങിയാണ് അവധിക്കു നാട്ടിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകുന്നേരം വീടിന്റെ കോമ്പൗണ്ടിനുള്ളിൽ വച്ച് ബൈക്ക് കഴുകിക്കൊണ്ടിരിക്കുമ്പോൾ ബാലരാമപുരം എസ്.ഐ. വിനോദ് കുമാറും എ.എസ്.ഐ.യും സി.പി.ഒ.യും ജീപ്പിലെത്തി ‘എന്തിനാടാ ഇവിടെ നിൽക്കുന്നതെ’ന്നു ചോദിച്ചു. അപ്പോൾത്തന്നെ താൻ കരീലക്കുളങ്ങര പ്രൊബേഷനറി എസ്.ഐ. ആണെന്നു വ്യക്തമാക്കി. നിനക്ക് മാസ്‌ക് ധരിച്ചു നിന്നുകൂടേയെന്നു ചോദിച്ച് എസ്.ഐ. അസഭ്യം പറഞ്ഞു. തുടർന്ന് സി.പി.ഒ. ലാത്തികൊണ്ട് തുടയ്ക്കടിക്കുകയായിരുന്നെന്ന് ജിനു നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.

വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കണമെന്നതിനാലാണ് വാഹനം വൃത്തിയാക്കാനിറങ്ങിയത്. തന്നോടൊപ്പം രണ്ടു സുഹൃത്തുക്കളുണ്ടായിരുന്നു. അവർ പറമ്പിനു താഴെ കിണറ്റിൽനിന്നു വെള്ളമെടുത്ത് കാർ കഴുകിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ജിനു വ്യക്തമാക്കി. ബാലരാമപുരം പോലീസിന്റെ നടപടി തനിക്കു മനോവിഷമമുണ്ടാക്കിയെന്ന് ഡിവൈ.എസ്.പി.ക്ക് നൽകിയ പരാതിയിൽ ജിനു വ്യക്തമാക്കുന്നു. എന്നാൽ ബാലരാമപുരം എസ്.ഐ.ക്കും പൊലീസുകാരനും പ്രകോപനമുണ്ടാക്കുന്ന നടപടി തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ജിനു പറയുന്നു.

അതേസമയം കുറച്ചുപേർ കൂടിനിൽക്കുന്നതു കണ്ടാണ് സ്ഥലത്ത് ഇറങ്ങിയതെന്നും പ്രൊബേഷനറി എസ്.ഐ.യാണെന്നു മനസ്സിലായതോടെ കൂടിനിൽക്കാതെ പോകണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ബാലരാമപുരം എസ്.ഐ. വിനോദ് കുമാർ പറഞ്ഞു. സംഭവസമയം കൂടിനിന്നവർ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Tags :