video
play-sharp-fill
പുരാവസ്തുക്കൾ മോഷ്ടിച്ച് കടത്തിയ സംഭവം : ഇടുക്കിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ

പുരാവസ്തുക്കൾ മോഷ്ടിച്ച് കടത്തിയ സംഭവം : ഇടുക്കിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ഇടുക്കി: പുരാവസ്തുക്കൾ മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേരാണ് പൊലീസ് പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പൊലീസ് പിടിയിലാവാനുണ്ട്.

സിപിഎം പന്നൂർ ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്‌ഐയുടെ ജില്ലാ വൈസ് പ്രസിഡന്റുമായ തെറ്റാമലയിൽ വിഷ്ണു (22), തച്ചാമഠത്തിൽ പ്രശാന്ത് (24), പാറയ്ക്കൽ വീട്ടിൽ രാകേഷ് (30), തച്ചാമഠത്തിൽ സുധി (28), കാവാട്ടുകുന്നേൽ തനീഷ് (19) എന്നിവരാണ് കരിമണ്ണൂർ പൊലീസ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലസേചന വകുപ്പിൽനിന്ന് വിരമിച്ച ഉപ്പുകുന്ന് അറയ്ക്കൽ ജോൺസന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പുരാവസ്തുശേഖരത്തിലെ പതിനഞ്ചോളം വസ്തുക്കളാണ് ഇവർ മോഷ്ടിച്ച് കടത്തിയത്. നടരാജ വിഗ്രഹം, പഴയ റേഡിയോ, ഗ്രാമഫോൺ, ടെലിവിഷനുകൾ എന്നിവയടക്കമാണ് മോഷ്ടിച്ചത്.

പുതിയ വീട്ടിലേക്ക് മാറിയപ്പോൾ ഈ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. അന്വേഷണത്തിൽ സെപ്റ്റംബർ 19ന് രാവിലെ രാത്രി പന്ത്രണ്ടോടെ കാറുകളിലും ബൈക്കുകളിലും ഓട്ടോറിക്ഷയിലും സ്ഥലത്തെത്തിയ പ്രതികൾ വീടിന്റെ പിന്നിലെ കിളിവാതിൽ ഇളക്കി ഉള്ളിൽകടന്ന് പുരാവസ്തുക്കൾ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

നല്ല മഴയും കാറ്റുമുണ്ടായിരുന്നതിനാൽ സംഭവം ആരുടെയും ശ്രദ്ധയിൽപ്പെടാതെ വരികെയായിരുന്നു. പിറ്റേന്ന് രാവിലെ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഉപ്പുകുന്ന് അൽഫോൺസാ പള്ളിയിലെയും സമീപത്തെ തുണിക്കടയിലെയും സിസിടിവി കാമറ ദൃശ്യങ്ങളും മൊബൈലും പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഒന്നാം പ്രതി പ്രശാന്ത് ഉടുമ്പന്നൂർ മേഖലയിൽ കഞ്ചാവ് കച്ചവടം നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ മറ്റ് മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. എസ്‌ഐമാരായ സിനോദ്, ജബ്ബാർ, എഎസ്‌ഐമാരായ നജീബ്, റെജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

അതേസമയം, സംഭവത്തിൽ അറസ്റ്റിലായ വിഷ്ണുവിനെ പർട്ടി വിരുദ്ധപ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയതായി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അറിയിച്ചു. അറസ്റ്റിലാവുന്നതിന്റെ തലേദിവസമാണ് വിഷ്ണുവിനെതിരെ നടപടിയെടുത്തത്. ഡിവൈഎഫ്‌ഐ കരിമണ്ണൂർ മേഖലാ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു.