കാലവർഷം; ദുരന്ത നിവാരണ സംവിധാനങ്ങൾ സജ്ജമെന്ന് ഉറപ്പാക്കണം : മന്ത്രി വാസവൻ
സ്വന്തം ലേഖകൻ
കോട്ടയം: തദ്ദേശ സ്ഥാപന തലത്തിൽ ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള കാലവർഷ ദുരന്തനിവാരണ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി വി.എൻ. വാസവൻ യോഗത്തിൽ നിർദേശിച്ചു.
ദുരന്തം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളെയും മുൻഗണനാ പട്ടികയിലുള്ള ജനവിഭാഗങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും അടിയന്തര സാഹചര്യത്തിൽ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും വേണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒഴിപ്പിക്കൽ ആവശ്യമായിവരുന്ന സാഹചര്യത്തിൽ ഈ വിഭാഗങ്ങളിൽപെട്ടവർക്ക് ആദ്യ പരിഗണന നൽകണം. ക്യാമ്പുകൾ സജ്ജീകരിക്കുമ്പോൾ കോവിഡ് പ്രതിരോധ മുൻകരുതലുകൾ കർശനമായി പാലിക്കണം.
ക്വാറന്റയിനിൽ കഴിയുന്നവർക്കും മറ്റ് ആളുകൾക്കുമായി രണ്ടു വിഭാഗം ക്യാമ്പുകളാണ് ഇത്തവണ സജ്ജീകരിക്കേണ്ടത്. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളെ ക്യാമ്പുകളിലേക്ക് മാറ്റരുത്. ഇവർക്ക് കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കണം.
മരങ്ങളും ശിഖരങ്ങളും വൈദ്യുതി കമ്പികളും വീണ് അപകടം ഉണ്ടാകാനുള്ള സാധ്യതകൾ ഒഴിവാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഓടകളിലെയും നദികളിലെയും തടസങ്ങൾ നീക്കം ചെയ്യണം- മന്ത്രി പറഞ്ഞു.