
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കർശനനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാവിധ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപത് വരെ തുറക്കാവുന്നതാണ്. കടയുടെ വലിപ്പം അനുസരിച്ചുവേണം ഉപഭോക്താക്കളെ ഉള്ളിൽ പ്രവേശിപ്പിക്കേണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടകളിൽ പ്രവേശിപ്പിക്കാവുന്ന ആൾക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ കടയുടെ പുറത്ത് പ്രദർശിപ്പിക്കേണ്ടതാണ്. ഉപഭോക്താക്കൾക്ക് കാത്തുനിൽക്കാൻ കടയുടെ പുറത്ത് വട്ടം വരയ്ക്കുകയോ ലൈൻ മാർക്ക് ചെയ്യുകയോ വേണം.
കടകളിൽ എല്ലാത്തരം സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. ഇക്കാര്യങ്ങൾ പൊലീസ് ഉറപ്പാക്കും.ഓണത്തിന്റെ പശ്ചാത്തലത്തിൽ മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ട്. എങ്കിലും അവർ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം.
അതേസമയം പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല. ഓണസദ്യയുടേയും മറ്റും പേരിൽ കൂട്ടംകൂടാനോ പൊതുപരിപാടികൾ നടത്താനോ അനുവദിക്കില്ലെന്നും അറിയിച്ചു.
പായസം, മത്സ്യം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.ഒപ്പം അത്യാവശ്യമില്ലാത്ത യാത്രകൾ ഓണക്കാലത്ത് ഒഴിവാക്കണം.
എന്നാൽ കണ്ടെയ്ൻമെന്റ് മേഖലയിലെ നിയന്ത്രണങ്ങൾ തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.