video
play-sharp-fill

നിപ രോഗസാധ്യതയുള്ള അഞ്ചുജില്ലകളില്‍ അവബോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്; പുതിയ ജാഗ്രതാനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു

നിപ രോഗസാധ്യതയുള്ള അഞ്ചുജില്ലകളില്‍ അവബോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്; പുതിയ ജാഗ്രതാനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു

Spread the love

മലപ്പുറം: നിപ രോഗസാധ്യതയുള്ള അഞ്ചുജില്ലകളില്‍ അവബോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. കോഴിക്കോട്ടെ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ചാണ് പുതിയ ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ഹോട്ട്‌സ്പോട്ടുകളായി കണക്കാക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, എറണാകുളം ജില്ലകളില്‍ അതിജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. മുന്‍പ് മനുഷ്യരിലോ പഴംതീനി വവ്വാലുകളിലോ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ജില്ലകളാണിവ. പഴംതീനി വവ്വാലുകളുടെ പ്രജനനകാലമായ മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് വൈറസ് വ്യാപനത്തില്‍ നിര്‍ണായകം.

എന്നാല്‍, ഫെബ്രുവരിയിലും ഈ സാഹചര്യമുണ്ടാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത ശക്തിപ്പെടുത്തുന്നത്. ഈയിടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വയനാട്ടിലെ മാനന്തവാടിയില്‍ നടത്തിയ പഠനത്തില്‍ പഴംതീനി വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടത്തിയിരുന്നു. തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗവുമായെത്തുന്ന ഏതു രോഗിയിലും നിപ സാന്നിധ്യമുണ്ടോ എന്ന പരിശോധനയും നടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെത്തുന്നവര്‍ക്കെല്ലാം ഇതു ബാധകമാണ്. രോഗമുണ്ടെന്നു സംശയംതോന്നിയാല്‍ സാംപിളെടുത്ത് ആദ്യഘട്ട പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കോ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കോ അയക്കും.

ഇവിടെനിന്ന് കൂടുതല്‍ പരിശോധന ആവശ്യമെങ്കില്‍ പുണെയിലേക്കും കൊണ്ടുപോകും. ആഗോളതലത്തിലുള്ള പ്രോട്ടോക്കോളാണ് ഇതില്‍ പിന്തുടരുന്നതെന്നും ഡി.എം.ഒ. അറിയിച്ചു.