
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിക്കൊണ്ട് നിയമസഭാ കക്ഷി യോഗത്തില്‍ പ്രമേയം പാസാക്കി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിന്തുണച്ചു. ഐകകണ്‌ഠ്യേനയാണ് യോഗം പ്രമേയം അംഗീകരിച്ചത്. ഇതോടെ മുഖ്യമന്ത്രി നിര്‍ണ്ണയത്തില്‍ പന്ത് പൂര്‍ണ്ണമായും ഡല്‍ഹിയിലെ ഹൈക്കമാന്‍ഡ് കോര്‍ട്ടിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന നിര്‍ണ്ണായകമായ നിയമസഭാ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകരായ സംഘം ഓരോ എംഎല്‍എമാരെയും നേരില്‍ കണ്ട് അഭിപ്രായം തേടുകയാണ്. കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ സജീവമായി ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എംഎല്‍എമാരുടെ പിന്തുണ ആര്‍ക്കാണെന്ന് നിരീക്ഷകര്‍ രഹസ്യമായി ചോദിച്ചറിയും.
കഴിഞ്ഞ അഞ്ചുവര്‍ഷം പ്രതിപക്ഷത്തെ നയിച്ച വിഡി സതീശന് ലഭിക്കുന്ന ജനപിന്തുണ ഹൈക്കമാന്‍ഡിനെ അമ്പരപ്പിക്കുന്നുണ്ട്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ ഭൂരിപക്ഷവും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ത്രികോണപ്പോര് മുറുകുന്നതിനിടയില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ വാക്കുകള്‍ക്ക് ഹൈക്കമാന്‍ഡ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സീനിയോറിറ്റിയും ഭരണപരിചയവും കണക്കിലെടുത്ത് രമേശ് ചെന്നിത്തലയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന നിലപാടിലേക്ക് ആന്റണി എത്തിയതായാണ് വിവരം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിരീക്ഷണ സംഘത്തില്‍ ദീപാ ദാസ് മുന്‍ഷി ഉള്‍പ്പെട്ടതിനെ വിഡി സതീശന്‍ ശക്തമായി എതിര്‍ത്തിരുന്നു. അവര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന സതീശന്റെ പരാതി തള്ളിക്കൊണ്ട് ദീപാ ദാസ് മുന്‍ഷി ദൗത്യവുമായി മുന്നോട്ട് പോവുകയാണ്. അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ക്കൊപ്പം അവര്‍ ഓരോ എംഎല്‍എയുടെയും അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അണികള്‍ തെരുവില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുന്നത് വിജയത്തിന്റെ ശോഭ കെടുത്തുന്നുവെന്ന അതൃപ്തി ഹൈക്കമാന്‍ഡിനുണ്ട്. എംഎല്‍എമാരുടെ ഭൂരിപക്ഷം, ജനപ്രീതി, സീനിയോറിറ്റി എന്നീ മൂന്ന് ഘടകങ്ങളെയും തുലനം ചെയ്തുകൊണ്ടുള്ള ഒരു പ്രഖ്യാപനത്തിനാണ് ഡല്‍ഹി ഒരുങ്ങുന്നത്.







